മുംബൈ- പ്രശസ്ത ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു.
1980ൽ'ഗസൽ ആൽബം ആഹതിലൂടെയാണ് പങ്കജ് ഉദാസിനെ ലോകം അറിഞ്ഞത്. പിന്നീട് 'മുകരാർ', 'തരന്നും', 'മെഹ്ഫിൽ' തുടങ്ങിയ ഹിറ്റുകളും സമ്മാനിച്ചു. തന്റെ ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച പങ്കജ് ഉദാസ് 1980 മുതൽ ഇന്ത്യൻ ഗസൽ സംഗീത രംഗത്തെ ജനപ്രിയ ശബ്ദമായിരുന്നു.
'ചിത്തി ആയി ഹേ', 'ജീയേ തോ ജീയേ കൈസേ', 'ഔർ ആഹിസ്ത കിജിയേ ബാത്തേൻ', 'നാ കജ്രേ കി ധർ' എന്നിവ പങ്കജ് ഉദാസിനെ ജനകീയനാക്കി. 2006-ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം പങ്കജ് ഉദാസിനെ ആദരിച്ചു.
1951 മെയ് 17-നാണ് പങ്കജ് ഉദാസ് ജനിച്ചത്. ഉറുദു കവികളുടെ വരികൾ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചാണ് ആസ്വാദകരുടെ മനസിലേക്ക് പതിയെ നടന്നുകയറിയത്. 1986-ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ 'ചിട്ടി ആയി ഹേ വതൻ' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ശ്രദ്ധേയനായത്. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ഈ ചിത്രത്തിന്റെ വൻ വിജയത്തിന് അദ്ദേഹത്തിന്റെ ഗാനം നിമിത്തമാവുകയായിരുന്നു. ഇതിന് ശേഷം നിരവധി ആൽബങ്ങൾ അദ്ദേഹത്തിന്റേതായി ഇറങ്ങി. എന്നുമീ സ്വരം എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. നിരവധി സംഗീത പര്യടന പരിപാടികളും അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളിൽ പാടുകയും ചെയ്തു.
ഗുജറാത്തിലെ രാജ്‌കോട്ടിനടുത്തുള്ള ജേത്പൂരിൽ ഒരു ജമീന്ദാർ കുടുംബത്തിൽ കേശുഭായ് ഉദാസിന്റെയും ജിതുബേൻ ഉദാസിന്റെയും മൂന്ന് മക്കളിൽ ഏറ്റവും ഇളയവനായാണ് പങ്കജ് ഉദാസ് ജനിച്ചത്. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൻഹർ ഉദാസ് ഹിന്ദി ചലച്ചിത്ര ഗായകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. ബോംബെയിലെ സെന്റ് സേവിയേഴ്‌സ് കോളേജിലാണ് പഠിച്ചത്.