ഭിന്നശേഷിയുള്ളവരെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് സാംസ്‌കാരിക ഔന്നത്യത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.  വ്യത്യസ്തതകളെ അംഗീകരിക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യജീവികളാകുന്നത്. ആ നിലയ്ക്ക്  ഭിന്നശേഷിയുള്ളവരെക്കൂടി പൊതുസമൂഹത്തിന്റെ ആല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് ഏറെ പ്രധാനമാണ്. ഭിന്ന ശേഷി സൗഹൃദവുമായി ബന്ധപ്പെട്ട് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലാകെ നൂറുകോടിയോളം പേര്‍ ഏതെങ്കിലും വിധത്തില്‍ ഭിന്നശേഷി ഉള്ളവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 800 കോടിയില്‍ 100 കോടി എന്നു പറഞ്ഞാല്‍, 8 പേരില്‍ ഒരാള്‍ എന്നര്‍ത്ഥം. ചെറിയ സംഖ്യയല്ലായിത്. അതുകൊണ്ടുതന്നെ ഭിന്നശേഷിയുള്ളവര്‍ പൊതുസമൂഹത്തില്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുകയെന്നത് ഒരു ആധുനിക ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.

കാഴ്ച, കേള്‍വി, സംസാരശേഷി എന്നിവയിലോ ശാരീരികമായോ ബുദ്ധിപരമായോ പിന്നാക്കം നില്‍ക്കുന്നവരെ അതൊന്നുമില്ലാത്തവരോടു മത്സരിക്കാന്‍ നിയോഗിക്കുന്നതു നീതിയല്ല. അത് ഭിന്നശേഷി ഉള്ളവര്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ എക്കാലവും പിന്നോക്കം തന്നെ നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുക. അതുകൊണ്ടാണ് ഭിന്നശേഷിയുള്ളവരെ സവിശേഷമായി കാണുകയും അവര്‍ക്കു വേണ്ട പ്രത്യേക പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയും ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ അവര്‍ക്കു മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് ലഭിക്കൂ. അതൊരുക്കിക്കൊണ്ട് ഭിന്നശേഷികള്‍ ഉള്ളവരെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  കൊണ്ടുവരാനാണ്  സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News