കെ.സുധാകരന്റെ അസഭ്യ പരാമര്‍ശത്തില്‍ വി ഡി സതീശന്റെ കലിപ്പ് തീരുന്നില്ല, സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കി

പത്തനംതിട്ട - കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ രോഷം അടങ്ങുന്നില്ല. കെ പി സി സി നടത്തുന്ന സമരാഗ്‌നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയില്‍ നിശ്ചയിച്ചിരുന്ന സംയുക്ത വാര്‍ത്ത സമ്മേളനം ഒഴിവാക്കി. വി ഡി സതീശന്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല്. കെ സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിവരം. സമരാഗ്‌നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡി സി സി നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡി സി സി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ പ്രതിപക്ഷ നേതാവ് എത്താന്‍ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി. സതീശന്റെ ഓഫീസ് ഇതിന് ന്യായീകരണം പറയുന്നത്.

Latest News