Sorry, you need to enable JavaScript to visit this website.

മോഡി ചൊവാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം -ഔദ്യോഗിക പരിപാടികൾക്കും പാർട്ടി പരിപാടികൾക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 27ന് തിരുവനന്തപുരത്ത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐ.എസ്.ആർ.ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷം ബി.ജെ.പി പൊതുയോഗത്തിലും സംസാരിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മോഡി ഉദ്ഘാടനം ചെയ്യും. അര ലക്ഷം പേരാണ് സമ്മേളനത്തിൽ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതിയതായി ബി.ജെ.പിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
സെൻട്രൽ സ്‌റ്റേഡിയത്തിൽ പടുകൂറ്റൻ സമ്മേളന വേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10ന് സമ്മേളനം ആരംഭിക്കും. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി. മുരളീധരൻ, ദേശീയ നിർവ്വാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
മോഡിയെ വരവേൽക്കാനായി ബി.ജെ.പി പ്രവർത്തകർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കമാനങ്ങളും കട്ടൗട്ടുകളും ഉയർത്തി. നഗരം കൊടിതോരണങ്ങളാൽ അലംകൃതമായി. മോഡിയുടെയും കെ. സുരേന്ദ്രന്റെയും കൂറ്റൻ കട്ടൗട്ടുകളാണ് പലയിടത്തും സ്ഥാപിച്ചിട്ടുള്ളത്. മോഡിയുടെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞതായി ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഇവിടെ പാർട്ടി സ്ഥാനാർഥിയാകുമെന്നാണ് സൂചന.
 
 

Tags

Latest News