Sorry, you need to enable JavaScript to visit this website.

'മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കാനുള്ള ആറ്റംബോംബ് കൈയിലുണ്ട്'; രാജ്യസഭ സീറ്റ് ഓഫറുണ്ടായെന്നും സാബു എം ജേക്കബ്

കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി 20 പാർട്ടി അധ്യക്ഷനും വ്യവസായിയുമായ സാബു എം ജേക്കബ്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രി വീണാ വിജയനെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നും അതിന് തക്ക ആറ്റം ബോംബ് തന്റെ കൈവശമുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.
 പല കേസുകളിൽ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിരുന്നുവെന്നും സാബു പറഞ്ഞു. ബി.ജെ.പിയുമായുള്ള ബന്ധത്തിൽ വ്യക്തമായി ഒന്നും പറയാനും അദ്ദേഹം തയ്യാറായില്ല. ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രനെ കണ്ടിട്ടു തന്നെയില്ലെന്നാണ് പറഞ്ഞത്. തന്നെ സംഘിയും കമ്മിയുമൊക്കെ മാറി മാറി ആക്കുന്നത് ജനപിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു ജേക്കബ് ആരോപിച്ചു. 
 ബി.ജെ.പി സീറ്റ് ഓഫർ ചെയ്താൽ അത് കണ്ട് ചാടുന്നവനല്ല സാബു ജേക്കബ്ബ്. തനിക്ക് ബി.ജെ.പിയുടെയോ സി.പി.എമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടാൻ ഒരു പ്രയാസവുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, സി.പി.എം നേതാക്കൾ വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നിവർ അഞ്ച് സീറ്റുകൾ ഓഫർ ചെയ്തിരുന്നു. പി രാജീവും സി.പി.എം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളും അഞ്ചു തവണ വീട്ടിൽ വന്ന് ചർച്ച ചെയ്തിട്ടുണ്ട്. നിഷേധിച്ചാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സാബു ജേക്കബ്ബ് വിശദീകരിച്ചു.
പിണറായി വിജയന്റെ കൂടെ വിദേശ യാത്രക്കും താൻ പോയിട്ടുണ്ട്. വിദേശത്തു ചികിത്സയിലായപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ വിളിച്ച കിഴക്കമ്പലത്തെ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാബു എം ജേക്കബ്.

Latest News