Sorry, you need to enable JavaScript to visit this website.

ഐലീഗിൽ ഗോകുലത്തിനൊപ്പം ശ്രീനിധി ഡെക്കാൺ

ഹൈദരാബാദ്- തുടർച്ചയായ നാലാം ജയവുമായി ശ്രീനിധി ഡെക്കാൺ ഐലീഗ് പോയന്റ് പട്ടികയിൽ ഗോകുലം കേരളക്കൊപ്പം. റിദ് വാൻ ഒലൻരെവാജു ഹസന്റെ ഇരട്ട ഗോൾ മികവുമായി ശ്രീനിധി 2-0ന് നാംധാരിയെ തോൽപിച്ചു. പതിനെട്ടാം മിനിറ്റിലും അൻപത്തിയേഴാം മിനിറ്റിലുമായിരുന്നു ഗോളുകൾ. നാംധാരിയുടെ ഹർപ്രീത് സിംഗ് ഇൻജുറി ടൈമിന്റെ അവസാനം ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. 
ഈ വിജയത്തോടെ ശ്രീനിധിക്ക് 15 കളികളിൽനിന്ന് 32 പോയന്റുണ്ട്. ഗോകുലത്തിനും 32 പോയന്റുണ്ടെങ്കിലും മെച്ചപ്പെട്ട ഗോൾ ശരാശരി ഉള്ളതിനാൽ രണ്ടാം സ്ഥാനത്താണ്. ശ്രീനിധി മൂന്നാമതും. ഗോകുലം പക്ഷെ ശ്രീനിധിയെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചു.
ഞായറാഴ്ച ഗോവയിൽ ചർച്ചിൽ ബ്രദേഴ്‌സിനെ 1-2ന് തോൽപ്പിച്ചാണ് ഗോകുലം രണ്ടാം സ്ഥാനത്തെത്തിയത്. ഒമ്പതാം മിനിറ്റിൽ അലക്‌സ് സാഞ്ചസും, 19ാം മിനിറ്റിൽ കെ. അഭിജിത്തും ഗോകുലത്തിനുവേണ്ടി സ്‌കോർ ചെയ്തു. 49ാം മിനിറ്റിൽ ഒഗാന ലൂയിസാണ് ചർച്ചിലിന്റെ ആശ്വാസ ഗോൾ നേടിയത്. ഗോകുലത്തിന്റെ തുടർച്ചയായ ആറാം ജയമായിരുന്നു ഇത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ ഷില്ലോംഗ് ലാജോംഗ് 2-1ന് ട്രാവുവിനെ തോൽപ്പിച്ചു. 46ാം മിനിറ്റിൽ ഇസ്സഹാഖ് നൂഹു സെയ്ദുവിലൂടെ ട്രാവുവാണ് ആദ്യം ലീഡ് നേടിയത്. 59ാം മിനിറ്റിൽ ആര്യൻ ആഞ്ജനേയന്റെ സെൽഫ് ഗോളിൽ ഷില്ലോംഗ് സമനില പിടിച്ചു. 72ാം മിനിറ്റായിരുന്നു വിജയ ഗോൾ. 15 കളികളിൽനിന്ന് 25 പോയന്റുള്ള ഷില്ലോംഗ് ലീഗിൽ അഞ്ചാമതാണ്. 34 പോയന്റുള്ള മുഹമ്മദൻസാണ് മുന്നിൽ.

Tags

Latest News