ഗാസ വെടിനിര്‍ത്തല്‍ കരാറിന് ഈയാഴ്ച രൂപമാകുമെന്ന് ഈജിപ്ത്

കയ്‌റോ- ഹമാസും ഇസ്രായിലും തമ്മിലുള്ള പുതിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്നും ഈയാഴ്ച തന്നെ കരാറിന് അന്തിമരൂപമാകുമെന്നും ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ ദോഹയില്‍ പുനരാരംഭിച്ചതായി  ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത്, ഖത്തര്‍, അമേരിക്ക, ഇസ്രായില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഹമാസ് പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച. പുതിയ വെടിനിര്‍ത്തലിനും ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീന്‍ തടവുകാര്‍ക്ക് പകരം ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുമുള്ള കരാറിന്റെ സാധ്യതകള്‍ കഴിഞ്ഞ ദിവസം പാരീസില്‍ ചര്‍ച്ച ചെയ്തിരുന്നു.
മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തിലുള്ള  ഇസ്രായില്‍ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച പാരീസില്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നത്.
ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ, ഫലസ്തീന്‍ പോരാളികള്‍ 250  പേരെ ബന്ദികളാക്കിയെന്നും ഇവരില്‍ 130 പേര്‍ ഗാസയില്‍ തുടരുകയാണെന്നും ഇസ്രായില്‍ പറയുന്നു. ഇവരില്‍  30 പേര്‍ മരിച്ചതായും കരുതുന്നു.  
കഴിഞ്ഞ നവംബറില്‍ 100 ലധികം ബന്ദികളെയും 240 ഫലസ്തീന്‍ തടവുകാരെയും മോചിപ്പിച്ച ഉടമ്പടി പോലൊന്ന് സാധ്യമാക്കാനാണ് ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമിക്കുന്നത്.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ തുടരുന്ന  ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 30,000ത്തോട് അടുക്കുകയാണ്. വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കാണുന്നുമില്ല.
പുതിയ വെടിനിര്‍ത്തല്‍ കരാറും ബന്ദി കൈമാറ്റവും റമദാന്‍ ആരംഭിക്കാനിരിക്കെ, മാര്‍ച്ച് പത്തിന് മുമ്പുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

 

Latest News