റിയാദ് - 'സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിഭജനം പോലുള്ള വലിയ ദുരന്തമുഖത്തും മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയത്തെ ചേര്‍ത്തു പിടിച്ച നാം ആ ഐക്യത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും മനുഷ്യര്‍ ചേര്‍ന്നു നിന്നാല്‍ ഒരു ക്ഷുദ്രശക്തികള്‍ക്കും നമ്മെ തോല്‍പ്പിക്കാനാവില്ലെന്നും കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി എന്‍ ഗോപീകൃഷ്ണന് പറഞ്ഞു. 2023 ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ അദ്ദേഹം കേളി കലാസാംസ്കാരിക വേദി റിയാദില്‍ ഒരുക്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.
മലസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ആമുഖ പ്രസംഗം നടത്തി. കേളി പ്രസിഡന്റ് സെബിന് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.
കേളിക്ക് വേണ്ടി പ്രസിഡന്റ് സെബിന് ഇഖ്ബാല്‍, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ അദ്ദേഹത്തെ ബൊക്കെ നല്കി സ്വീകരിച്ചു. കേളിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന് ഇക്ബാല്‍ എന്നിവര്‍ ചേര്‍ന്ന് നല്കി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പ്രസിഡന്റ് സെബിന് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.