മുംബൈ - കടുവയെ വേട്ടയാടി അതിന്റെ പല്ലാണ് തന്റെ മാലയിൽ കോർത്ത് ധരിച്ചതെന്ന് പ്രസംഗിച്ച ശിവസേന എം.എൽ.എക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‌ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ നേതാവ് സഞ്ജയ് ഗെയ്ക്വാദ് എം.എൽ.എക്കെതിരായാണ് കേസെടുത്തത്.
37 വർഷം മുമ്പ് താൻ കടുവയെ വേട്ടയാടി പല്ല് പറിച്ചെടുത്തെന്നാണ് ഛത്രപതി ശിവജിയുടെ ജന്മദിനമായ 'ശിവജയന്തി' ദിനത്തിൽ എം.എൽ.എ പ്രസംഗിച്ചത്. ഇതോടെ എം.എൽ.എയ്‌ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം മഹാരാഷ്ട്ര വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എം.എൽ.എയുടെ പക്കൽനിന്നും കടുവയുടെ പല്ല് കണ്ടെത്തിയെന്നും ഇത് പരിശോധനയ്ക്ക് അയച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഫോറൻസിക് പരിശോധനയിൽ പല്ല് കടുവയുടേതാണെന്ന് തെളിഞ്ഞാൽ നിയമ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.