മോഡിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ബി.എസ്.പി എം.പി ബി.ജെ.പിയിൽ ചേർന്നു

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച എം.പിമാരിൽ ഒരാൾ ബി.ജെ.പിയിൽ ചേർന്നു. ഉത്തർപ്രദേശിൽനിന്നുള്ള ലോക്‌സഭാ എം.പി റിതേഷ് പാണ്ഡെയാണ് മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. 42 കാരനായ റിതേഷ് പാണ്ഡെ ഉത്തർപ്രദേശിലെ അംബേദ്കർ നഗർ പാർലമെന്റ് സീറ്റിനെയാണ് പ്രതിനിധീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് രാകേഷ് പാണ്ഡെ ഉത്തർപ്രദേശ് നിയമസഭയിലെ സമാജ്‌വാദി പാർട്ടി എം.എൽ.എയാണ്.

വികസിത ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോഡിയുടെ കാഴ്ചപ്പാടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കാനാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് പാണ്ഡേ മാധ്യമങ്ങളോട് പറഞ്ഞു. ബി.എസ്.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതിക്ക് അയച്ച രാജിക്കത്ത് ഇന്ന് രാവിലെ പാണ്ഡെ എക്‌സിൽ പങ്കുവെച്ചു. ലോക്‌സഭയിൽ പാർട്ടിയെ പ്രതിനിധീകരിക്കാൻ അവസരം നൽകിയതിന് നന്ദി അറിയിച്ചാണ് കത്ത്. ബി.എസ്.പിയിലൂടെ പൊതുരംഗത്ത് പ്രവേശിച്ച നിമിഷം മുതൽ എനിക്ക് നിങ്ങളുടെ മാർഗനിർദേശം ലഭിച്ചു. അധികാരത്തിന്റെ ഇടനാഴികളിലൂടെ നടക്കാൻ പഠിച്ചപ്പോൾ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർ എന്നെ കൈപിടിച്ചു നടത്തിയെന്നും കത്തിൽ പറയുന്നു.
ദീർഘകാലമായി എന്നെ യോഗത്തിന് വിളിക്കുന്നില്ല. നേതൃചർച്ചകളിൽ ഞാനും പങ്കെടുക്കുന്നില്ല. നിങ്ങളെയും മുതിർന്ന നേതാക്കളെയും കാണാൻ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാർട്ടി ഇനി വേണ്ടെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെക്കുകയല്ലാതെ മറ്റൊരു മാർഗവും എനിക്കില്ല. പാർട്ടിയുമായുള്ള ബന്ധം വേർപെടുത്താനുള്ള തീരുമാനം വൈകാരികമായി ബുദ്ധിമുട്ടാണ്,' അദ്ദേഹം പറഞ്ഞു.

പാണ്ഡെ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, എം.പിയുടെ ആരോപണങ്ങൾക്ക് മറുപടിയായി ബി.എസ്.പി അധ്യക്ഷ മായാവതി എക്‌സിൽ ഒരു ത്രെഡ് പോസ്റ്റ് ചെയ്തു. ബി.ആർ അംബേദ്കറുടെ ദൗത്യത്തിനായി സമർപ്പിക്കപ്പെട്ട പ്രസ്ഥാനമാണ് ബി.എസ്.പിയെന്ന് അവർ പറഞ്ഞു. ലണ്ടനിലെ യൂറോപ്യൻ ബിസിനസ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാണ്ഡെ 2019ൽ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിവിധ വിഷയങ്ങളിൽ തന്റെ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു പ്രമുഖ പാർലമെന്റേറിയനാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം പാർലമെന്റ് കാന്റീനിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു. ഉച്ചഭക്ഷണ യോഗത്തിന്റെ ചിത്രങ്ങളും പാണ്ഡെ പങ്കുവെച്ചിരുന്നു.
 

Latest News