ബംഗളൂരു- നഗരത്തിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലാല്‍ ബാഗില്‍ 104 സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ച് ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പ്. കുടുംബമായെത്തുന്ന സന്ദര്‍ശകരുടെ പരാതിയെത്തുടര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
സുരക്ഷാ ജീവനക്കാരും സന്ദര്‍ശകരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ക്യാമറ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പാര്‍ക്കിനുള്ളില്‍ സുരക്ഷാജീവനക്കാരുടെ പട്രോളിംഗുമുണ്ട്. ഇതിനുപിന്നാലെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
നേരത്തേ കബണ്‍പാര്‍ക്കിലും സമാനമായ രീതിയില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെ മോഷ്ടാക്കളില്‍നിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നത്.
അതേസമയം, പാര്‍ക്കുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെ അനുകൂലിച്ചും വിമര്‍ശിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാണ്. കുട്ടികളുമായി പാര്‍ക്കിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ഇല്ലാതാകുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇത്തരം ക്യാമറകളെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നുമാണ് മറുവിഭാഗത്തിന്റെ വാദം.






