ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ രംഗത്തെത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷന്‍ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്‌സ് പ്ലാറ്റ് ഫോമില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മീഷന്‍ എക്‌സില്‍ കുറിച്ചു.
മാര്‍ച്ച് 12-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും മാര്‍ച്ച് 28-ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണെന്നുമായിരുന്നു വാട്‌സാപ്പ് സന്ദേശത്തില്‍ പ്രചരിച്ചിരുന്നത്. ഏപ്രില്‍ 19-ന് തെരഞ്ഞെടുപ്പ്, മെയ് 22-ന് വോട്ടെണ്ണല്‍, മെയ് 30-ന് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം. ഇത്തരം അഭ്യൂഹങ്ങള്‍ക്കിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.