സംഭാല്‍-രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലെങ്കില്‍ യുവാക്കള്‍ 12 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹ.
ഭാരത് ജോഡോ ന്യായ് യാത്ര മൊറാദാബാദ്, അംറോഹ വഴിയാണ് സംഭാലിലെത്തിയത്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധേരയെയും സ്വീകരിച്ചു.
നിങ്ങള്‍ എത്ര മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ചോദിച്ചപ്പോള്‍ ചന്ദൗസി കവലയില്‍ കണ്ടുമുട്ടിയ ആള്‍ പന്ത്രണ്ട് മണിക്കൂര്‍ എന്നാണ് മറുപടി നല്‍കിയത്.
ഇന്ത്യയില്‍ തൊഴിലില്ല, അതുകൊണ്ടാണ് നിങ്ങള്‍ 12 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നും വന്‍കിട വ്യവസായികളുടെ മക്കള്‍ റീല്‍സ് കാണില്ലെന്നും അവര്‍ 24 മണിക്കൂറും പണം എണ്ണിക്കണക്കാക്കുകയാണ് ചെയ്യുകയെന്നും രാഹുല്‍ പ്രതികരിച്ചു.
നിങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചാല്‍, നിങ്ങള്‍ അര മണിക്കൂര്‍ റീല്‍സ് കാണുകയും 12 മണിക്കൂര്‍ ജോലി ചെയ്യുകയും ചെയ്യും- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങള്‍, ദലിതര്‍, എസ്‌സി/എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി യാത്രയ്ക്കിടെ നിരവധി തവണ പറഞ്ഞിരുന്നു.
ചെറുകിട കര്‍ഷകരെയും വ്യാപാരികളെയും ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
നിങ്ങള്‍ പട്ടിണി കിടന്ന് കൊല്ലപ്പെടുന്നു, നിങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇക്കൂട്ടര്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് പരീക്ഷ പേപ്പര്‍ ചോരുന്നത്. അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയില്ല- കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു.
ബിജെപിയും രാഷ്ട്രീയ സ്വയംസേവക സംഘവും രാജ്യത്തിന്റെ എല്ലാ കോണുകളിലും വിദ്വേഷം പടര്‍ത്തുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള 4,000 കിലോമീറ്റര്‍ ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്വേഷത്തിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കണം, രാജ്യത്തു നിന്ന് വിദ്വേഷം ഇല്ലാതാക്കുക എന്നതാണ് തന്റെ ജോലിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
നിരപരാധികളുടെ വീടുകള്‍ തകര്‍ക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുകയും കുറ്റവാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.