മോഡി വിമര്‍ശകനായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തു 

അഹമദാബാദ്- ബി.ജെ.പി സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും നിരന്തരം വിമര്‍ശിക്കുന്ന ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ 20 വര്‍ഷം പഴക്കമുള്ള കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു അഭിഭാഷകനെ തെറ്റായി ക്രിമിനല്‍ കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഗുജറാത്ത് സി.ഐ.ഡി ഭട്ടിനെ പിടികൂടിയത്. മറ്റു ആറു പേരേയും ഭട്ടിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആയിരിക്കെ ഒരു മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ തെറ്റായി പ്രതി ചേര്‍ത്തെന്നാണ് ഭട്ടിനെതിരായ കേസ്.

2002ലെ ഗുജറാത്ത് മുസ്ലിം വിരുദ്ധ കലാപത്തിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ മോഡിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കലാപ കാലത്തെ രഹസ്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്ത ഭട്ടിനെ 2015ലാണ് സര്‍ക്കാര്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഗുജറാത്ത കലാപത്തില്‍ മോഡിക്കു പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി 2011ല്‍ ഭട്ട് സൂപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.
 

Latest News