അൽ ഹസ- ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗ്ലോബൽ തലത്തിൽ നടത്തിവരുന്ന 'ഹെൽത്തോറിയം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് അൽ ഹസ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ഖാലദിയ്യ സെക്ടർ 'മെഡികോൺ' സെമിനാറും, ഹുഫൂഫ് ഷിഫ മെഡിക്‌സ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഷിഫ മെഡിക്‌സ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന സൗജന്യ രോഗ നിർണയ ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. തുടർന്ന് ഉബൈദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ പ്രമേഹവും, വൃക്കരോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ എസ്.വൈ.എസ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു.
അൽഹസയിലെ പ്രമുഖ പ്രമേഹരോഗ വിദഗ്ദൻ ഡോ. നടരാജൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുത്തു. നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണ രീതിയും, ശരിയായ ഉറക്കം, വ്യായാമം എന്നിവയുടെ കുറവും,
ശരീരത്തിനാവശ്യമായ വെള്ളം നിരന്തരമായി കുടിക്കാതിരിക്കുന്നതുമാണ് കൂടുതലാളുകളെയും പ്രമേഹരോഗികളാക്കി മാറ്റുന്നതെന്നും, തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ വൃക്കകളയും മറ്റു അവയവങ്ങളെയും ഗുരുതരമായി ബാധിക്കാനിടയാക്കുമെന്നും, ആയതിനാൽ വിശ്രമങ്ങളില്ലാത്ത ജോലി തിരക്കുകൾക്കിടയിൽ തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പ്രവാസികൾ ജാഗ്രത പുലർത്തണമെന്നും ഡോ. നടരാജൻ പറഞ്ഞു.
ഷിഫ മെഡിക്‌സ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അനസ് മാള, ഐ.സി.എഫ് അൽ ഹസ ദാഇ വിളത്തൂർ അബ്ദുള്ള സഖാഫി, ഐ.സി.എഫ് അൽ ഹസ വിദ്യാഭ്യാസ സമിതി കൺവീനർ നവാസ് കൊല്ലം, ഹാഷിം മുസ്‌ലിയാർ, റഫീഖ് കൂരാരി, അബ്ദുൽസലാം മുണ്ടക്കയം എന്നിവർ പ്രസംഗിച്ചു. സിയാദ് കൂരാരി സ്വാഗതവും, അബ്ദുൽ ഹഖീം കൊടുവായൂർ നന്ദിയും പറഞ്ഞു. ഷിഫ മെഡിക്‌സിലെ മുഹമ്മദ് ഷെഫിൻ, ഷമീർ, ശ്രീമുരുഗൻ, മൻസൂരി, ആദിൽ എന്നിവർ രോഗനിർണയ ക്യാമ്പിന് നേതൃത്വം നൽകി. ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഡോ. നടരാജനെയും, പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ഷിഫ മാർക്കറ്റിംഗ് മാനേജറുമായ മുഹമ്മദ് അനസ് മാളയെയും ചടങ്ങിൽ ആദരിച്ചു.ഇരുവർക്കുമുള്ള ഐ.സി.എഫിന്റെ ഉപഹാരങ്ങൾ വിളത്തൂർ അബദുള്ള സഖാഫി കൈമാറി.