Sorry, you need to enable JavaScript to visit this website.

രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ 36 ശതമാനവും ക്രിമിനല്‍ക്കേസ് പ്രതികള്‍

ന്യൂദല്‍ഹി- ഈ മാസം 27ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 59 സ്ഥാനാര്‍ഥികളില്‍ 36 ശതമാനവും ക്രിമിനല്‍ക്കേസ് പ്രതികളാണെന്ന് റിപോര്‍ട്ട്. സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യസഭ സ്ഥാനാര്‍ഥികളായി നാമനിര്‍ദേശം ചെയ്തവരില്‍ 17 ശതമാനം പേരും ഗുരുതരമായ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരാള്‍ വധശ്രമക്കേസിലെ പ്രതിയാണെന്നും റിപോര്‍ട്ട് പറയുന്നു. രാജ്യസഭ സ്ഥാനാര്‍ഥികളായി നിന്നവരുടെ ശരാശരി സമ്പത്ത് 127.81 കോടിയാണെന്നും റിപോര്‍ട്ട് ചൂണ്ടികാണിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ 30 സ്ഥാനാര്‍ത്ഥികളില്‍ എട്ടുപേരും ക്രിമിനല്‍ക്കേസ് പ്രതികളാണ്.  കോണ്‍ഗ്രസിന്റെ ഒന്‍പത് സ്ഥാനാര്‍ഥികളില്‍ ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസ്,  എസ്.പി എന്നിവരില്‍ ഓരോ സ്ഥാനാര്‍ഥികളും  ക്രിമിനല്‍ക്കേസ് പ്രതികളായുള്ളത്. 21 ശതമാനം പേര്‍ 100 കോടിയിലധികം സമ്പത്തുള്ളവരാണ്. ഹിമാചലില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ വിയുടെ സമ്പത്ത് 1,872 കോടിയാണ്. എസ്.പിയുടെ ജയാബച്ചന് 1,578 കോടി സ്വത്തുണ്ട്.
ബി.ജെ.പിയുടെ മധ്യപ്രദേശില്‍നിന്നുള്ള സ്ഥാനാര്‍ഥി ബാലയോഗി ഉമേഷ്‌നാഥാണ് കൂട്ടത്തില്‍ ദരിദ്രന്‍. 47 ലക്ഷം മാത്രമാണ് ബാലയോഗിയുടെ സ്വത്ത്. 71 ശതമാനം സ്ഥാനാര്‍ഥികളും 5170 പ്രായപരിധിക്കുള്ളിലുള്ളവരാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 56 സീറ്റുകളിലേക്കാണ് ഈ മാസം 27ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവയില്‍ ചില സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

Latest News