Sorry, you need to enable JavaScript to visit this website.

പുല്‍പള്ളി പ്രതിഷേധം: മുള്ളന്‍കൊല്ലി ഫൊറോന ചര്‍ച്ചസ് കൗണ്‍സില്‍ കലക്ടര്‍ക്കും പോലീസ് മേധാവിക്കും നിവേദനം നല്‍കി

കല്‍പറ്റ- കുറുവ വിനോദസഞ്ചാരകേന്ദ്രം ജീവനക്കാരന്‍ പുല്‍പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു 17ന് പുല്‍പള്ളി ടൗണില്‍  ജനകീയ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടികള്‍  നിര്‍ത്തിവയ്ക്കുന്നതിന് മുള്ളന്‍കൊല്ലി ഫോറോന ചര്‍ച്ചസ് കൗണ്‍സില്‍ ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും നിവേദനം നല്‍കി. 

മുള്ളന്‍കൊല്ലി ഫോറോന വികാരി ഫാ. ജസ്റ്റിന്‍ മൂന്നനാല്‍, ആലത്തൂര്‍ ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. ബിജു മാവറ, ഭാരവാഹികളായ റോയി ആന്റണി കവളക്കാട്ട്, ഷിജോയ് മാപ്ലശേരി, ജോഷി കുരീക്കാട്ടില്‍ എന്നിവരടങ്ങുന്നതായിരുന്നു നിവേദക സംഘം.  

സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും റദ്ദു ചെയ്യുക, വീടുകളും സ്ഥാപനങ്ങളും പോലീസ് പരിശോധിക്കുന്നതും ആളുകളെ ഭീഷണിപ്പെടുത്തുന്നതും അവസാനിപ്പിക്കുക, വനം, പോലീസ് വകുപ്പുകള്‍ പ്രതികാര നടപടികള്‍ ഒഴിവാക്കുക, കര്‍ഷകര്‍ക്കും ജീവനോപാധികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുക, വിദ്യാര്‍ഥികള്‍ക്ക് ഭയമില്ലാതെ പഠിക്കാനും പരീക്ഷ എഴുതാനും സാഹചര്യം ഒരുക്കുക, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും അടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്കും ലഭ്യമാക്കിയിട്ടുണ്ട്.

പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ 12 ക്രൈസ്തവ ഇടവകകളുടെ കൂട്ടായ്മയാണ് മുള്ളന്‍കൊല്ലി ഫൊറോന ചര്‍ച്ചസ് കൗണ്‍സില്‍. പുല്‍പള്ളിയിലെ ജനകീയ പ്രതിഷേധം സംഘര്‍ഷത്തിലേക്കു നീങ്ങിയ സാഹചര്യം നിവേദനത്തില്‍ വിശദീകരിക്കുന്നുണ്ട്. 

മൂന്നു പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളും രണ്ടു മാസമായി കടുവാ ഭീഷണിയിലാണ്. കടുവയെ ഭയന്ന് ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഈ സംഭവം പൊതുസമൂഹത്തില്‍ അങ്കലാപ്പിനും പ്രതിഷേധത്തിനും കാരണമായി. 

യു. ഡി. എഫും എല്‍. ഡി. എഫും ബി. ജെ. പിയും വെവ്വേറെ ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ വകവയ്ക്കാതെ ജനം രാഷ്ട്രീയവും ജാതിമത ചിന്തകളും മറന്ന് പുല്‍പള്ളിയിലേക്ക് ഒഴുകി. ജനങ്ങളുടെ വൈകാരിക പ്രതികരണത്തോടുള്ള അധികാരികളുടെ സമീപനം സംഘര്‍ഷത്തിനു കാരണമായി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ജാമ്യമില്ലാത്ത വകുപ്പുകളടക്കം ചേര്‍ത്ത് 200 ഓളം ആളുകള്‍ക്കെതിരെയാണ് കേസെടുത്തത്.

കര്‍ഷകരും വിദ്യാര്‍ഥികളും കൂലിപ്പണിക്കാരുമാണ് പ്രതികളില്‍ അധികവും. ഇതിനകം 12 പേരെ അറസ്റ്റുചെയ്തു. പോലീസ് ഫോണില്‍ വിളിച്ചും അസമയങ്ങളില്‍ വീടുകളിലെത്തിയും ഭീഷണിപ്പെടുത്തുന്നതു തുടരുകയാണ്. അറസ്റ്റ് ഭയന്നാണ് പ്രദേശത്തെ മിക്ക കുടുംബങ്ങളും കഴിയുന്നത്. പരീക്ഷക്കാലമായതിനാല്‍ രക്ഷിതാക്കളെ അറസ്റ്റുചെയ്യുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുകയാണ്.

ജനകീയ പ്രതിഷേധത്തിനുശേഷം വനം, പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങോട് നിസഹകരിക്കുകയും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയുമാണ്. കടുവ ശല്യമുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോയിവരാന്‍ വാഹനം ലഭ്യമാക്കുമെന്ന ഉറപ്പ് വനം ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല. കടുവയെ പേടിച്ച് സ്വന്തം പറമ്പില്‍ ജോലി ചെയ്യാന്‍ കഴിയാത്ത  സ്ഥിതിയിലാണ് കര്‍ഷകരെന്നും നിവേദനത്തില്‍ പറയുന്നു.

പുല്‍പള്ളിയില്‍ 17നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലീസ് നടപടി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും നല്‍കിയ നിവേദനത്തെ അവഗണിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് മുള്ളന്‍കൊല്ലി ഫൊറോന ചര്‍ച്ചസ് കൗണ്‍സില്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ ഫാ. ജസ്റ്റിന്‍ മൂന്നനാല്‍, ഫാ. ബിജു മാവറ, റോയി ആന്റണി കവളക്കാട്ട്, ഷിജോയ് മാപ്ലശേരി, ജോഷി കുരീക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു. അറസ്റ്റും ഭീഷണിയും തുടര്‍ന്നാല്‍ പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും നിരാഹാര സത്യഗ്രഹവും സംഘടിപ്പിക്കും. പുല്‍പള്ളിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ കലാപകാരികളോ കലാപം ആഗ്രഹിക്കുന്നവരോ അല്ല. കലാപത്തിന് ആരും ആഹ്വാനം ചെയ്തിട്ടുമില്ല. ജനങ്ങളുടെ വൈകാരിക പ്രതികരണത്തെ കേസും അറസ്റ്റുംകൊണ്ട് നേരിടുന്നത് അനുചിതമാണ്.

ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രതിഷേധമല്ല പുല്‍പള്ളിയില്‍ നടന്നത്. വന്യമൃഗശല്യം പരിഹരിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കാത്തതിലുള്ള രോഷമാണ് അണപൊട്ടിയത്. എന്നിട്ടും വനം, പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോടു നിസഹകരിക്കുന്നതും പ്രതികാര ബുദ്ധിയോടെ പെരുമാറുന്നതും ദൗര്‍ഭാഗ്യകരമാണ്. അടിയന്തരഘട്ടത്തില്‍ സഹായത്തിനു വിളിച്ചാല്‍ പോലീസ്, വനം സേനാംഗങ്ങള്‍ എത്താത്ത സാഹചര്യമാണുള്ളത്. നിവേദനം സ്വീകരിച്ച ജില്ലാ പോലീസ് മേധാവി സുല്‍ത്താന്‍ ബത്തേരി ഡിവൈ. എസ്. പിയുമായി വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് അറിയിച്ചതെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

Latest News