Sorry, you need to enable JavaScript to visit this website.

സുധാകരനുമായുള്ളത് ജ്യേഷ്ഠാനുജ ബന്ധം, അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്ന് വി ഡി സതീശന്‍

കൊച്ചി - താനും സുധാകരനും തമ്മില്‍ ജ്യേഷ്ഠാനുജ ബന്ധമാണ് ഉള്ളതെന്നും വാര്‍ത്താ സമ്മേളനത്തിനെത്താന്‍ വൈകിയതിന്റെ പേരില്‍  കെ സുധാകരന്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചത് വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്നും വി ഡി സതീശന്‍. കാത്തിരുന്ന് കാണാതിരുന്നാല്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്ന് സതീശന്‍ പറഞ്ഞു. ഇപ്പോഴത്തെ സംഭവം വലിയ വാര്‍ത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിഷയം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. '10 മണിക്കാണ് വാര്‍ത്ത സമ്മേളനം പറഞ്ഞത്. കെ സി വേണുഗോപാല്‍ കൂടി ആലപ്പുഴയില്‍ ഉള്ളതിനാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പത്രസമ്മേളനം വൈകുമെന്ന് പറഞ്ഞു. പോകുന്ന വഴിക്ക് വൈ എം സി എയില്‍ ഒരു ചെസ്സ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യേണ്ടതുണ്ടായിരുന്നു, അതിനാല്‍ കുറച്ച് വൈകി. ആ സാഹചര്യത്തില്‍ ഇവന്‍ എവിടെ പോയി കിടക്കുകയാണെന്ന് പ്രസിഡന്റ് ചോദിച്ചു. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. സഹപ്രവര്‍ത്തകര്‍ തമ്മില്‍ പറഞ്ഞ കാര്യം. അതിനപ്പുറം ഒന്നുമില്ല. വിഡി സതീശന്‍ വ്യക്തമാക്കി.

ഇവന്‍ എവിടെ പോയി കിടക്കുകയാണെന്ന് സുധാകരന്‍ ചോദിച്ചതിന്റെ പേരില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്നും വി ഡി സതീശന്‍ പരിഹസിച്ചു. ഇവന്‍ എവിടെപ്പോയി എന്ന് ചോദിച്ചതിന്റെ പേരില്‍ രണ്ടാള്‍ക്കും താക്കിത് നല്‍കിയെന്ന വാര്‍ത്തയൊക്കെ നല്‍കിയതില്‍ മാധ്യമങ്ങളെ സമ്മതിച്ചുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. രാജി ഭീഷണി മുഴക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും താന്‍ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡാണെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

ഇന്ന് രാവിലെ  കെ പി സി സിയുടെ സമരാഗ്‌നിയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളന വേദിയിലാണ് അസഭ്യ പ്രയോഗമുണ്ടായത്. രാവിലെ പത്തിനായിരുന്നു ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. 10.28 ന് കെ സുധാകരന്‍ എത്തി. പക്ഷെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്തിയില്ല. ഡി സി സി അധ്യക്ഷന്‍ ബാബു പ്രസാദിനോട് വിളിച്ചു നോക്കാന്‍ പറഞ്ഞു. പിന്നെയും 20 മിനിറ്റ് കഴിഞ്ഞതോടെ സുധാകരന്റെ നിലതെറ്റി. അസഭ്യപ്രയോഗം. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നതിനു മുന്‍പേ ഷാനിമോളും ബാബു പ്രസാദും ഇടപെട്ട് പ്രസിഡന്റിനെ തടഞ്ഞു. പിന്നീട് വാര്‍ത്ത സമ്മേളനം നടത്തി ഇരുവരും മറ്റൊരു പരിപാടിയിലേക്ക് പോകുകയായിരുന്നു.

 

 

Latest News