കെ..സുധാകരന്റെ അസഭ്യ പരാമര്‍ശം, കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി വി ഡി സതീശന്‍, രാജി ഭീഷണി മുഴക്കിയതായും സൂചന

തിരുവനന്തപുരം - വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ വൈകിയതിന്റെ പേരില്‍ കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അസഭ്യ പരാമര്‍ശം നടത്തിയതില്‍ വി ഡി സതീശന്‍ എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് എ ഐ സി സി നേതാവ് കെ സി വേണുഗോപാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടു. ഇരു നേതാക്കളോടും അദ്ദേഹം സംസാരിച്ചു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാന്‍ എ ഐ സി സി നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും വി ഡി സതീശന്‍ ഇതിന് തയ്യാറായില്ല. ഇതോടെ കെ സുധാകരന്‍ ഒറ്റയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നല്‍കുകയായിരുന്നു.
ഇതിനിടെ വി ഡി സതീശന്‍ രാജി ഭീഷണി മുഴക്കിയതായ വാത്തകളും പുറത്ത് വരുന്നുണ്ട്. കെ സി വേണുഗോപാല്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.  തെരഞ്ഞെടുപ്പിനെയും സമരാഗ്‌നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.  അത്തരം ചര്‍ച്ചകള്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. 
കെ പി സി സിയുടെ സമരാഗ്‌നി യാത്രയുടെ ഭാഗമായ വാര്‍ത്താസമ്മേളനം ആലപ്പുഴയില്‍ വിളിച്ചത് ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു. 10.28ന് കെ സുധാകരന്‍ സ്ഥലത്തെത്തി. എന്നാല്‍ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡി സി സി അധ്യക്ഷന്‍ ബാബു പ്രസാദിനോട് വിളിച്ചു നോക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശന്‍ എത്തിയില്ല. ഇതോടെയാണ് സുധാകരന്‍ കുപിതനായി ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനിടെ വാര്‍ത്താ സമ്മേളനത്തില്‍  ആദ്യം ആര് സംസാരിക്കും എന്നതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് ഇരുവരും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നത്.

 

Latest News