രാജീവ് ഗാന്ധി വധക്കേസ്; ജയില്‍ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാം

ചെന്നൈ- രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ അനുമതി. കേന്ദ്ര സര്‍ക്കാര്‍ എക്സിറ്റ് പെര്‍മിറ്റ് അനുവദിച്ചതോടെ ഒരാഴ്ചക്കുള്ളില്‍ ശാന്തന് ശ്രീലങ്കയിലേക്ക് പോകാനാവും. ഇത് സംബന്ധിച്ച രേഖകള്‍ തിരുച്ചിറപ്പള്ളി കലക്ടര്‍ക്ക് കൈമാറി. കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യ വിടുന്ന ആദ്യത്തെയാളാണ് ശാന്തന്‍. രോഗിയായ അമ്മയെ കാണാനാണ് ഇയാള്‍ ശ്രീലങ്കയിലേക്ക് പോകുന്നത്. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ നേരത്തെ ശാന്തന് അനുവദിച്ചിരുന്നു.
രാജീവ് വധക്കേസില്‍ 32 വര്‍ഷത്തോളം ജയിലില്‍ക്കിടന്ന ആറുപേരെ 2022 നവംബര്‍ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതില്‍ തമിഴ്‌നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കന്‍ പൗരന്‍മാരായ ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിനുള്ളില്‍ വിദേശ കുറ്റവാളികള്‍ക്കായുള്ള ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പാസ്പോര്‍ട്ടും യാത്രാരേഖകളും ഇല്ലാത്തതുകൊണ്ടാണ് ഇവര്‍ക്ക് ജയിലിനു സമാനമായ ക്യാമ്പില്‍ കഴിയേണ്ടിവന്നത്.

Latest News