Sorry, you need to enable JavaScript to visit this website.

മാഹി സെയ്ന്റ് തെരേസാ തീര്‍ഥാടന കേന്ദ്രം ബസിലിക്ക പ്രഖ്യാപനം: ആഘോഷങ്ങള്‍ തുടങ്ങി

മാഹി- മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി അമ്മ ത്രേസ്യാ പുണ്യവതിയുടെ ദേവാലയത്തെ ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും സമര്‍പ്പണവും നടത്തുന്നതിന്റെ മൂന്ന് ദിവസത്തെ ആഘോഷച്ചടങ്ങുകള്‍ തുടങ്ങി. കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ വിശുദ്ധ അമ്മ ത്രേസ്യായുടെ അത്ഭുത തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ 24ന് നടക്കുന്ന ബസിലിക്ക പ്രഖ്യാപനത്തിന്റെ ആഘോഷങ്ങള്‍ക്ക്
തുടക്കമായി. 

ചടങ്ങില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് രൂപത വികാരി ജനറല്‍ ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, മാഹി ഇടവക വികാരിയും റെക്ടറുമായ ഫാ. വിന്‍സെന്റ് പുളിക്കല്‍, കോഴിക്കോട് രൂപത ചാന്‍സലര്‍ ഫാ. സജീവ് വര്‍ഗീസ്, ഫാ. ജോസ് യേശുദാസ്, ഫാ. നിധിന്‍ ബര്‍വ, ഫാ. നോബിള്‍, ഫാ. ഡിലു റാഫേല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി രാജേഷ് ഡിസില്‍വ, പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ഇടവക ജനവും തീര്‍ഥാടകരും ചടങ്ങില്‍ പങ്കെടുത്തു. വൈകുന്നേരം ബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ സാഘോഷ ജാഗര ദിവ്യബലിയും ഉണ്ടായി.

മാഹി ദേവാലയം ബസിലിക്കയായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി 24ന് പകല്‍ മൂന്നിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ സാഘോഷ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും.

തുടര്‍ന്ന് മാഹി ബസിലിക്കയുടെ പ്രഖ്യാപനവും സമര്‍പ്പണവും കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വ്വഹിക്കും. പ്രഖ്യാപനത്തിന് ശേഷം തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് പാംപ്ലാനി വചന പ്രഘോഷണം നടത്തും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം നടക്കും. 

പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. രമേഷ് പറമ്പത്ത് എം. എല്‍. എ, ഇടവക വികാരി ആന്റ് റെക്ടര്‍ ഡോ. വിന്‍സെന്റ് പുളിക്കല്‍, ഡോ. സ്റ്റീഫന്‍ ആലത്തറ, മാഹി റീജണല്‍ അഡ്മിനിസ്ട്രേറ്റര്‍ ശിവരാജ് മീണ, സാഹിത്യകാരന്‍ എം. മുകുന്ദന്‍, കോഴിക്കോട് രൂപതാ വികാരി ജെന്‍സണ്‍ പുത്തന്‍ വീട്ടില്‍ തുടങ്ങിയവര്‍ സംസാരിക്കും. 25ന് സമാപന ദിവസം വൈകുന്നേരം നാലിന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതലയുടെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ദിവ്യബലിയും നടക്കും. തുടര്‍ന്ന് ആറിന് ഇടവക സമൂഹത്തിന്റെ കലാപരിപാടികള്‍ അരങ്ങേറും.

Latest News