ഒരു മാസത്തെ ശമ്പളം; നിര്‍ബന്ധ പിരിവിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു

തിരുവനന്തപുരം- പ്രളയക്കെടുതി നേരിടുന്നതിനും നവകേരള നിര്‍മിതിക്കും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍വീസ് സംഘടനകളുടെ എതിര്‍പ്പ് ശക്തമാകുന്നു. പ്രതിപക്ഷ സംഘടനകകേളുടെ എതിര്‍പ്പുണ്ടെങ്കിലും പ്രളയദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന നിലപാടിലുറച്ച് മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. ആരെയും നിര്‍ബന്ധിക്കില്ലെന്ന് സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മന്ത്രി അറിയിച്ചെങ്കിലും
ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതംഗീകരിക്കില്ലെന്നും പ്രതിപക്ഷ അധ്യാപക-സര്‍വീസ് സംഘടനകള്‍ അറിയിച്ചു. ശന്പളം സംഭാവന ചെയ്യുന്നതിനെ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ പിന്തുണച്ചു. സംഘടനകളുടെ അഭിപ്രായംകൂടി പരിഗണിച്ച് രണ്ടോമൂന്നോ ദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ജീവനക്കാരുടെ സമ്മതപത്രം വാങ്ങിയ ശേഷം മാത്രമേ ശമ്പളം പിടിക്കാവൂ എന്നാണ് മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടത.്ഇത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയാണ് സര്‍ക്കാരിന്റെ നിലപാടെന്നണ് മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.
ഒറ്റത്തവണയായോ പത്ത് ഗഡുക്കളായോ അല്ലെങ്കില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്ന തവണകളിലോ ഒരു മാസത്തെ ശമ്പളം നല്‍കുന്ന രീതിയാകാമെന്നും മന്ത്രി വിശദീകരിച്ചു.  ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുന്നതില്‍ ജീവനക്കാര്‍ അനുകൂലനിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളത്തിനു പകരം തുല്യമായ തുക പി.എഫില്‍നിന്ന് വായ്പയെടുത്തു നല്‍കുന്ന കാര്യവും ചര്‍ച്ചയില്‍വന്നു. ഈ നിര്‍ദേശങ്ങളെല്ലാം പരിഗണിച്ചായിരിക്കും സര്‍ക്കാര്‍ ഉത്തരവ്. ശമ്പളം നല്‍കാത്തവരോട് പ്രതികാരബുദ്ധിയോടെ പെറുമാറുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭരണസ്വാധീനം ഉപയോഗിച്ച് ശമ്പളം നിര്‍ബന്ധമായി പിടിക്കാനാണ് നീക്കമെങ്കില്‍ ഇതിനെതിരേ ഏതറ്റംവരെയും പോകുമെന്ന് എംപ്ലോയീസ് ഫെഡറേഷന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിര്‍ബന്ധം ജനാധിപത്യവിരുദ്ധമാണെന്നും ദുരിതബാധിത മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു മാസത്തെ ശമ്പളം പൂര്‍ണമായി നല്‍കാനാവില്ലെന്നും യുണൈറ്റഡ് ടീച്ചേഴ്സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ വ്യക്തമാക്കി.

Latest News