Sorry, you need to enable JavaScript to visit this website.

മിതത്വവും വിഭവങ്ങളുടെ പങ്കിടലും ദൈവിക പ്രീതിക്കു കാരണം- ഡോ. ശൈഖ് അബ്ദുറഹ്‌മാൻ അൽ സുദൈസ് 

മക്ക- ദൈവികാനുഗ്രഹമായി ലഭിച്ച വിഭവങ്ങൾ ചെലവു  ചെയ്യുന്നതിൽ മിതത്വം പാലിക്കുകയും പാഴ്ചിലവുകളും പൊങ്ങച്ചവും ആർഭാടങ്ങളും നിയന്ത്രിച്ച് പ്രയാസപ്പെടുന്നവരെയും ദരിദ്രരെയും സഹായിക്കാൻ സമൂഹത്തിലെ സാമ്പത്തിക ശേഷിയുള്ളവർ മുന്നോട്ടു വരണമെന്നും ഡോ. ശൈഖ് അബ്ദുറഹ്‌മാൻ അൽ സുദൈസ് ആഹ്വാനം ചെയ്തു. പരിശുദ്ധ മക്കയിലെ മസ്ജിദ് അൽഹറമിൽ ജുമുഅ പ്രഭാഷണം(ഖുത്ബ) നിർവഹിച്ചു സംസാരിക്കുകയായിരുന്നു ശൈഖ് സുദൈസ്. സമൂഹത്തിലെ സമ്പന്നരുടെ ധൂർത്തും പൊങ്ങച്ചവും വിഭവ ശേഷി കുറവുള്ള സഹജീവികൾക്ക് പ്രയാസമുണ്ടാക്കുന്നതും അനുഗ്രഹ ദാതാവിനോടുള്ള നന്ദികേടുമാണ്. ആഘോഷ സ്ഥലങ്ങളിലും മറ്റും പാഴായി പോയേക്കാവുന്ന ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്കെത്തിക്കാൻ മുന്നോട്ട് വരുന്ന സന്നദ്ധ സംഘടനകൾ ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃകകളാണെന്നും ശൈഖ് പറഞ്ഞു. 

ദൈവികാനുഗ്രഹങ്ങൾ കാത്തുസൂക്ഷിക്കുകയും അവയെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരാകുകയും ചെയ്യാൻ മനുഷ്യരെല്ലാം തയ്യാറാകണം. മനുഷ്യ ജീവിതത്തിന്റെ മുഴുവൻ മേഖലകളും എണ്ണിത്തിട്ടപ്പെടുത്താനാകാത്ത ദൈവികാനുഗ്രഹത്തിന്റെ ശീതളഛായയിൽ മുങ്ങിനിൽക്കുകയാണ്. സൂര്യചന്ദ്രാതികളെ മറച്ചു പിടിച്ച് നിഷേധിക്കുന്നതിലേറെ ബാലിശമാണ് സൃഷ്ടാവിനെയും അവന്റെ അനുഗ്രങ്ങളെയും നിഷേധിക്കുന്നത്. മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടാണ് ദൈവ നിഷേധമെന്നതിൽ ശരാശരി മനുഷ്യർക്ക് തർക്കമുണ്ടാകാൻ വഴിയില്ല. ദൈവിക മാർഗ ദർശനത്തിനൊത്തു ജീവിക്കാനും അവന്റെ  കൽപനകൾക്ക് കീഴടങ്ങാനുമുള്ള പ്രേരണ ദൈവികാനുഗ്രഹങ്ങളിൽ  പെട്ടതാണ്. അത് ലഭിക്കാതെ പോകുന്നവരാണ് കണ്ണടച്ച് ഇരുട്ടിൽ കഴിയാൻ ശ്രമിക്കുന്നത്. 

സ്രഷ്ടാവിനെ നിഷേധിക്കുന്നതുപോലെ ദൗർഭാഗ്യകരമാണ് ഏക ദൈവ വിശ്വാസത്തിനു പകരം നുരുമ്പിയ എല്ലുകൾ മാത്രം ബാക്കിയായ ശവകുടീരങ്ങളിലും തന്നെ പോലെയോ അതിലേറെയോ ദുർബലരായ സൃഷ്ടികളിലും മറ്റും പ്രതീക്ഷയർപ്പിച്ചു പ്രാർത്ഥനയും ആരാധനാവഴിപാടുകളും നടത്തുന്നത്.  മനുഷ്യ നന്മക്കായി ആവിഷ്‌കരിച്ചിട്ടുള്ള രാഷ്ട്ര നിയമങ്ങളെ മറികടക്കുന്നതും നിയമംഘനങ്ങളിലും വിധ്വംസക പ്രവർത്തനങ്ങളിലുമേർപ്പെടുന്നതും അരാജകത്വം വളർത്താൻ ശ്രമിക്കുന്നതും സ്രഷ്ടാവിനോട് ചെയ്യുന്ന നന്ദി കേടാണ്. സമാധാനവും ശാന്തിയും നൽകി അനുഗ്രഹിച്ച വിശുദ്ധ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ചിട്ടും നന്ദിയുള്ളവരായി മാറാതെ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് ചെവി കൊടുക്കുകയും ശിഥിലീകരണ പ്രവർത്തനങ്ങൾക്ക് ശത്രുക്കളെ കൂട്ടു പിടിക്കുന്നവരുമായി നാം മാറാൻ പാടില്ല.  പരിഷ്‌കരണ പ്രവർത്തനത്തിന്റെയടിസ്ഥാനത്തിൽ  നിലവിൽവരികയും മുന്നോട്ടു പോകുകയും ചെയ്യുന്ന ഒരു  ഒരു രാജ്യത്തെ പൗരന്മാരായി ജീവിക്കാൻ സാധിച്ചത് ദൈവികാനുഗ്രഹമാണ് ശൈഖ് ഓർമപ്പെടുത്തി.

Latest News