വിദ്യാര്‍ഥിയുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് കെ. എസ്. യു

കല്‍പറ്റ- കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതില്‍ സമഗ്രാന്വേഷണം വേണമെന്ന് കെ. എസ്. യു.  ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അസ്ലം ഓലിക്കല്‍, നേതാക്കളായ ലിവിന്‍ വേങ്ങൂര്‍, സെബാസ്റ്റ്യന്‍ ജോയി, മെല്‍ എലിസബത്ത്, രോഹിത്ത് ശശി, മുബാരിഷ് അയ്യാര്‍, ശീഹരി ശ്രീനിവാസന്‍, ഹര്‍ഷല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതാണ് ഈ ആവശ്യം.

ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞാണ് സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്. സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലരുടെ മര്‍ദനത്തിനും മാനസിക പീഡനത്തിനും ഇരയായതിനെത്തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ 14 മുതല്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ സിദ്ധാര്‍ഥനെ ഉപദ്രവിച്ചിരുന്നു. 15ന് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥന്‍ എറണാകുളം വരെ എത്തിയശേഷം കാമ്പസിലേക്ക് മടങ്ങി. ഫോണില്‍ ചില വിളികള്‍ എത്തിയതിനെത്തുടര്‍ന്നാണ് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചത്. 

16ന് ഒരു പറ്റം വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ കാമ്പസിലെ ഒഴിഞ്ഞ സ്ഥലത്തേക്കുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അന്നും അടുത്ത ദിസവും ഹോസ്റ്റലില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അധിക്ഷേപത്തിനും പരസ്യവിചാരണയ്ക്കും  സിദ്ധാര്‍ഥന്‍ ഇരയായി. 18ന് രാവിലെയും പീഡനം ആവര്‍ത്തിച്ചതിനു പിന്നാലെയായിരുന്നു മരണം.

നെടുമങ്ങാടിലെ ജയപ്രകാശ്- ഷീബ ദമ്പതികളുടെ മകനാണ് സിദ്ധാര്‍ഥന്‍. മകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് വൈത്തിരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യക്ഷമമായ അന്വേഷണവും നടപടിയും ഉണ്ടായില്ല. സിദ്ധാര്‍ഥനെ മരണത്തിലേക്ക് തള്ളിവിട്ടുവെന്ന് സംശയിക്കുന്ന വിദ്യാര്‍ഥികളുടെ പേര് സഹിതമായിരുന്നു പിതാവിന്റെ പരാതി. സിദ്ധാര്‍ഥനെ ഉപദ്രവിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ അടിയന്തര നടപടി ഉണ്ടായില്ല. കുറ്റക്കാരായ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കാന്‍ ഉന്നത തലത്തില്‍ നീക്കമുണ്ട്. കെ. എസ്. യു ഇതനുവദിക്കില്ല. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിശദാന്വേഷണത്തിന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും സംഘടന സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണവും നടപടിയും വൈകിയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. സിദ്ധാര്‍ഥന്‍ കെ. എസ്. യു അംഗമോ അനുഭാവിയോ ആയിരുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

Latest News