കൊല്‍ക്കത്ത - പശ്ചിമ ബംഗാളില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന ബി ജെ പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സങ്ക്രെയിലിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ ഇയാളുടെ കേന്ദ്രത്തില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തി. ബി ജെ പി നേതാവ് സബ്യസാചി ഘോഷിനെയാണ് ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സന്‍ക്രെയ്ല്‍ ഏരിയയിലെ ദുലാഗഡിലെ ദേശീയ പാത നമ്പര്‍ 116 ന് സമീപമുള്ള ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ബി ജെ പി നേതാവ് ഉള്‍പ്പെടെ 11 പേര്‍ പിടിയിലാകുകയായിരുന്നു. പരിശോധന നടക്കുമ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും ഇവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സ്ത്രീകളെയല്ല, പിമ്പുകളെയാണ് ബി ജെ പി സംരക്ഷിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.