Sorry, you need to enable JavaScript to visit this website.

പ്രതിബന്ധങ്ങളുടെ പ്രളയം കടന്ന് അവിന്‍ കൃഷ്ണന്‍ ജീവിതത്തിലേക്ക്

സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ അവിന്‍ കൃഷ്ണന്‍ മാതാപിതാക്കളോടും ഡോക്ടര്‍മാരോടുമൊപ്പം കോഴിക്കോട് ആംസ്റ്റര്‍ മിംസില്‍

കോഴിക്കോട്- പ്രളയകാലത്ത് ജനിച്ച നവജാത ശിശുവിന് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ സുഖജീവിതം. കോഴിക്കോട് ആസ്റ്റര്‍ മിംസിലാണ് പ്രളയകാലത്ത് പാലക്കാട് മണ്ണാര്‍ക്കാട്ടില്‍ ജനിച്ച അവിന്‍ കൃഷ്ണന്‍ എന്ന ശിശുവിനെ ട്രാന്‍സ്‌പൊസിഷന്‍ ഗ്രെയിറ്റ് ആര്‍ട്ടറീസ് എന്ന രോഗാവസ്ഥയില്‍ നിന്ന് രക്ഷിക്കുവാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്.  മണ്ണാര്‍ക്കാടുകാരായ അനൂപിന്റെയും സുചിത്രയുടെയും മകനാണ്.  അവിന്‍ കൃഷ്ണന്‍ ജനിക്കുന്നത് പ്രളയം കേരളത്തെ മുക്കിക്കൊണ്ടിരുന്ന ഓഗസ്റ്റ് 16 നാണ്. ജനിച്ചപ്പോള്‍തന്നെ ഹൃദയത്തിന് പ്രശ്‌നമുണ്ടെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ തൃശൂര്‍മെഡിക്കല്‍ കോളേജിലേക്ക് അവിനെ അയച്ചു.
കോരിച്ചൊരിയുന്ന മഴയേയും അതിജീവിച്ച് ഓഗസ്റ്റ് 17 ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയത്തില്‍ നിന്നു പോകുന്ന രണ്ട് മഹാരക്തധമനികളും പരസ്പരം മാറിപോയിരിക്കുന്ന ട്രാന്‍സ്‌പൊസിഷന്‍ ഓഫ് ഗ്രേറ്റ് ആര്‍ട്ടറീസ് എന്ന ഗുരുതരമായ രോഗാവസ്ഥ.
ഇടതുവശത്തുനിന്ന് ആരംഭിക്കുന്ന ഓക്‌സിജന്‍ നിറഞ്ഞ ശുദ്ധരക്തക്കുഴലുകള്‍ ഹൃദയത്തിലെത്തുന്നതിനു പകരംശ്വാസകോശത്തിലേയ്ക്ക് തന്നെ തിരികെപ്പോകുന്നതായിരുന്നു പ്രശ്‌നം. ഓക്‌സിജന്‍ കുറഞ്ഞ അശുദ്ധരക്തം മഹാധമനിയില്‍നിന്ന് നേരിട്ട് ശരീരത്തിലേയ്ക്ക് എത്തിയിരുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കി. അടിയന്തര ഹൃദയശസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്കുള്ള സൗകര്യമില്ലായിരുന്നു.
സാധാരണക്കാരായ അനൂപിനും സുചിത്രയ്ക്കും ഹൃദയ ശസ്ത്രക്രിയക്കുള്ള ചെലവ് താങ്ങാനാവുമായിരുന്നില്ല. മെഡിക്കല്‍ കോളേജിലെ ഡോ. പുരുഷോത്തമന്‍, ഡോ ജാനകി എന്നിവരുടെ നിര്‍ദ്ദേശാനുസരണം കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്ക് സഹായം നല്‍കുന്ന ഹൃദ്യം പദ്ധതി പ്രകാരം അവിന്‍ കൃഷ്ണന്റെ ശസ്ത്രക്രിയ നടത്താനായി പിന്നീടുള്ള ശ്രമം. എന്നാല്‍ ഹൃദ്യം പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്താന്‍ അംഗീകാരമുള്ള കേരളത്തിലെ നാല് ആശുപത്രികളിലേക്കും പ്രളയകാലത്ത് യാത്ര സാധ്യമായിരുന്നില്ല. പ്രളയം മദ്ധ്യകേരളത്തെ മിക്കവാറും വിഴുങ്ങിക്കഴിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് ഹൃദ്യം പദ്ധതിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീഹരി പദ്ധതിക്ക് അംഗീകാരം കാത്തിരിക്കുന്ന ആസ്റ്റര്‍ മിംസുമായി ബന്ധപ്പെടുന്നത്. മിംസിലെ സീനിയര്‍ പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജന്‍ ഡോ. ഗിരീഷ് വാര്യര്‍ സമ്മതം പറഞ്ഞതോടെ പ്രളയവഴികളൊഴിവാക്കി തൃശൂരില്‍ നിന്ന് കോഴിക്കോട്ടെത്താനായി ശ്രമം.
അവിന്റെ പിതാവ് അനൂപും ഡോ. സെയ്ദ് ബക്രിയും ആംബുലന്‍സ് ഡ്രൈവര്‍ സന്തോഷും ചേര്‍ന്ന് ഓഗസ്റ്റ് 18 വൈകിട്ട് അനുനിമിഷം ആരോഗ്യനില വഷളായിക്കൊണ്ടിരുന്ന അവിനുമായി കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് പുറപ്പെട്ടു.  ഇന്നേവരെ കണ്ടിട്ടുംകേട്ടിട്ടുമല്ലാത്ത ഊടുവഴികളിലൂടെയായിരുന്നു യാത്ര. കാരണം പ്രധാന പാതകളിലെല്ലാം വെള്ളം കയറിയിരുന്നു. അങ്ങനെ ഏഴ് മണിക്കൂര്‍ കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി.
മൂന്ന്ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഓഗസ്റ്റ് 19 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കൂര്‍ നീണ്ട അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കുഞ്ഞുഹൃദയത്തിലെ പരസ്പരം മാറിപോയിരിക്കുന്ന രക്തക്കുഴലുകള്‍ മാറ്റിസ്ഥാപിച്ചു. ഡോ. ഗിരീഷ്‌വാര്യര്‍ക്ക് പുറമെ  പുറമെ പീഡിയാട്രിക്, കാര്‍ഡിയാക് സര്‍ജന്‍ ഡോ. ആബിദ്ഇക്ബാല്‍, പീഡിയാട്രിക് കാര്‍ഡിയോളജി സീനിയര്‍ കണ്‍സെള്‍ട്ടന്റുമാരായ ഡോ. രേണു പി കുറുപ്പ്, ഡോ രമാദേവി, പീഡിയാട്രിക് കാര്‍ഡിയാക് അനസ്‌തെറ്റിസ്റ്റുമാരായ ഡോ.സുജാത പി, ഡോ. ശരത് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. സുഖം പ്രാപിച്ച അവിന്‍ കൃഷ്ണന്‍ കഴിഞ്ഞ ദിവസം ആശുപത്രിവിട്ടു.
ഹൃദയത്തില്‍ സ്ഥാനം തെറ്റിയ രക്തക്കുഴലുകളുമായി ജനിച്ച ഈ കുട്ടിയെ രക്ഷിച്ചെടുക്കുക എന്നത് ഒട്ടേറെ ശ്രമകരമായ കാര്യമായിരുന്നുവെന്ന് ഡോ. ഗിരീഷ് വാര്യര്‍ പറഞ്ഞു. ഇത്രയും സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നത് അപൂര്‍വ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സങ്കീര്‍ണമായ ശസ്ത്രക്രിയയെ കൂടാതെ ഒട്ടേറെ പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് അവിന്‍ കൃഷ്ണന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഡോ.സാന്റി സാജന്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചും കൃത്യസമയത്ത് ശരിയായ ചികിത്സ അവിന് ലഭ്യമാക്കാന്‍ ഒട്ടേറെ പേരുടെ നിസ്വാര്‍ത്ഥമായ പരിശ്രമമുണ്ടായതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

 

 

Latest News