തിരുവനന്തപുരം - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു മന്ത്രിയെ നിർത്തി തോൽപ്പിച്ചേ മതിയാകൂവെന്ന നിർബന്ധമാണ് സി.പി.എമ്മിനെന്നും അതാണ് ആലത്തൂരിൽ കാണാൻ പോകുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആരോഗ്യ പ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാട്ടി താൽപര്യമില്ലെന്ന് അറിയിച്ചിട്ടും അദ്ദേഹത്തെ ആലത്തൂരിലേക്ക് സ്ഥാനാർത്ഥിയായി കെട്ടിയിറക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമർശം. ആലത്തൂരിൽ സിറ്റിംഗ് എം.പിയായിരുന്ന സി.പി.എമ്മിലെ ബിജുവിനെ തോൽപ്പിച്ചാണ് രമ്യാ ഹരിദാസ് 2019-ൽ മണ്ഡലം പാട്ടുപാടി കൈക്കലാക്കിയത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച നീക്കത്തിലാണ് സി.പി.എം കരുക്കൾ നീക്കുന്നത്.
അതിനിടെ, ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് ചോദിച്ചപ്പോൾ എല്ലാ പാർട്ടികൾക്കും കൂടുതൽ സീറ്റ് അവകാശപ്പെടാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഇക്കാര്യത്തിൽ കേരളത്തിന്റെ സാഹചര്യം അനുസരിച്ച് വൈകാതെ തീരുമാനമെടുക്കും. രാജ്യസഭാ സീറ്റിലേക്ക് ലീഗിനെ പരിഗണിക്കുമോ എന്നത് അന്തിമ ചർച്ചയ്ക്ക് ശേഷമേ പറയാനാകൂ. ലീഗും കോൺഗ്രസ്സും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിന് നേരിടുമെന്നും ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.