Sorry, you need to enable JavaScript to visit this website.

മകന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി അലക്‌സി നവല്‍നിയുടെ മാതാവ് കോടതിയില്‍

ക്രെംലിന്‍- തന്റെ മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ മാതാവ് ല്യൂഡ്മില നവല്‍നയ ആര്‍ട്ടിക് നഗരമായ സലേഖാര്‍ഡില്‍ കേസ് ഫയല്‍ ചെയ്തു. മാര്‍ച്ച് നാലിന് അടച്ചിട്ട കോടതിമുറിക്കുള്ളില്‍ കേസ് വാദം കേള്‍ക്കും.

അഞ്ച് ദിവസം മുമ്പ് ആര്‍ട്ടിക് ജയിലില്‍ മരിച്ച മകന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന് അവര്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ടിരുന്നു.

അവസാനമായി തന്റെ മകനെ ഒന്നു കാണണമെന്നും അലക്സിയുടെ മൃതദേഹം ഉടന്‍ വിട്ടുകിട്ടണമെന്നുമാണ് മാതാവ് അഭ്യര്‍ഥിച്ചിരിക്കുന്നത്. 

'ക്രെംലിന്റെ നിയമവിരുദ്ധമായ പ്രവൃത്തികള്‍' സംബന്ധിച്ച് കോടതിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അടച്ച വാതിലുകള്‍ക്ക് പിന്നില്‍ വാദം കേള്‍ക്കുമെന്നും ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മൃതദേഹം പരിശോധിക്കുന്നതിനായി റഷ്യന്‍ അന്വേഷകര്‍ നവല്‍നിയുടെ മൃതദേഹം 'രണ്ടാഴ്ചയെങ്കിലും' സൂക്ഷിക്കുമെന്ന് നവല്‍നിയുടെ വക്താവ് പറഞ്ഞു. മൃതദേഹം വിട്ടുനല്‍കുന്നില്ലെന്നും അടുത്ത 14 ദിവസത്തിനുള്ളില്‍ രാസപരിശോധനയും അന്വേഷണവും നടത്തുമെന്നും അന്വേഷകര്‍ അലക്സിയുടെ അമ്മയോടും അഭിഭാഷകരോടും പറഞ്ഞതായി നവാല്‍നി വക്താവ് കിരാ യാരിംഷ് പറഞ്ഞു.

Latest News