മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമസ്തയുടെ രാഷ്ട്രീയ നിലപാടുകള്‍ തക്കസമയത്ത് പറയുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാടുകള്‍ മുന്‍കൂട്ടി പറയുന്ന രീതി സമസ്തക്കില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്നും അറിഞ്ഞിട്ടില്ല. അതിന് മുന്നേ നിലപാടുകള്‍ പറയുന്നില്ല. പഠിച്ചിട്ട് പറയേണ്ട കാര്യമാണത്. മുന്‍കൂട്ടി പറഞ്ഞ് വാക്ക് വെറുതെ ആക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണി ശക്തിപ്പെടണം എന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇരുമുന്നണികളില്‍നിന്നും പാര്‍ട്ടികള്‍ കൊഴിഞ്ഞ് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.






