ന്യൂദല്‍ഹി - ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തിനായി പ്രതിപക്ഷത്തിനെതിരെ മോഡി സര്‍ക്കാര്‍ സാമ്പത്തിക ഭീകരത പ്രയോഗിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ തളര്‍ത്താന്‍ കേന്ദ്രം സാമ്പത്തിക ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളില്‍നിന്ന് 65 കോടി രൂപ കേന്ദ്രം പിടിച്ചെടുത്തുവെന്നും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവാത്ത വിധം നികുതി ഭീകരാക്രമണമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. 2016 നവംബറില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തിനും 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവരെ മത്സരിപ്പിക്കുന്നതില്‍നിന്ന് തടയുക എന്ന ലക്ഷ്യം തന്നെയാണ് ഉണ്ടായിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ബി ജെ പി പരിഭ്രാന്തരാക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭം, തൊഴിലില്ലായ്മ പ്രശ്‌നം എന്നിവ ബി ജെ പിയെ ഭയപ്പെടുത്തുന്നുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. പകപോക്കലിന്റെ രാഷ്ട്രീയമാണ് കേന്ദ്രം കോണ്‍ഗ്രസിനെതിരെ നടത്തുന്നത്. 30 സ്വകാര്യ കമ്പനികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ മോഡി സര്‍ക്കാര്‍ ഉപയോഗിച്ചെന്നും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ അവരില്‍ നിന്നും ആ നിലയിലെ സമ്മര്‍ദ്ദത്തിലൂടെ 335 കോടി രൂപ ബിജെപി സംഭാവനയായി വാങ്ങിയെന്നും ജയറാം രമേശ് ആരോപിച്ചു.
ബി ജെ പി സര്‍ക്കാര്‍ ബാങ്കുകളെ ഏകദേശം 1000 കോടി രൂപ കൈമാറാന്‍ നിര്‍ബന്ധിപ്പിച്ചു. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍നിന്ന് കേന്ദ്രം 65.89 കോടി പിടിച്ചുവെന്ന് കോണ്‍ഗ്രസ് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. വളരെ ഗൗരവമില്ലാത്ത കാര്യങ്ങളില്‍, അവര്‍ ഞങ്ങളുടെ പണം അപഹരിക്കുന്നു. അടിസ്ഥാനപരമായി, അവര്‍ നമ്മുടെ പണം ബാങ്കുകളില്‍നിന്ന് മോഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സ്‌പെയ്‌സ് നിഷേധിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വ്യക്തമായും ജനാധിപത്യ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ്. ഒപ്പം പ്രതിപക്ഷത്തിന്റെ മുഴുവന്‍ ശബ്ദവും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള തരംതാഴ്ന്ന ആക്രമണം ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഞങ്ങള്‍ അതിനെ ചെറുക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.