തിരുവനന്തപുരം - സ്ഥാനാർത്ഥി മോഹം ഒട്ടുമില്ലാത്ത സി.പി.ഐയുടെ മുതിർന്ന നേതാവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രനെ തിരുവനന്തപുരത്ത് പാർട്ടി സ്ഥാനാർത്ഥിയാക്കിയത് ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ.
തെരഞ്ഞെടുപ്പ് ചർച്ചയുടെ തുടക്കത്തിലെ മാധ്യമങ്ങളും പാർട്ടി പ്രവർത്തകരുമെല്ലാം പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും അതിന് മുഖം കൊടുക്കാതെ ഒട്ടും താൽപര്യമില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. എന്നാൽ, പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പന്ന്യനുമായി നടത്തിയ മാരത്തൺ ചർച്ചയാണ് തീരുമാനത്തിൽ നിർണായകമായത്. പാർട്ടിയിലെ എല്ലാവരെയും ഒരേ മനസ്സോടെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനും സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ പാർട്ടിയുടെ പുതിയ വെല്ലുവിളികളും മറ്റും കൂടുതൽ അടുത്തിരുന്ന് ചർച്ച ചെയ്താണ് പന്ന്യനെ മുൻ തീരുമാനത്തിൽനിന്നും മാറ്റാൻ നേതൃത്വത്തിനായത്. ഒപ്പം അനന്തപുരിയിൽ മുൻ വർഷങ്ങളിലെല്ലാം പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാണക്കേടിൽനിന്ന് രക്ഷയുണ്ടാവണമെന്നും ആഞ്ഞുപിടിച്ചാൽ തലസ്ഥാനത്ത് വ്യാപക ബന്ധങ്ങളുള്ള പന്ന്യന് അനന്തപുരിയിൽ അത്ഭുദങ്ങൾ കാണിക്കാനാകുമെന്നുമാണ് സി.പി.ഐ നേതൃത്വത്തിന്റെ പ്രതീക്ഷ.
മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് 2005-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ വിജയിച്ചശേഷം സി.പി.ഐക്ക് കിട്ടാക്കനിയാണ് തിരുവനന്തപുരം ലോകസഭാ മണ്ഡലം. 2009-ൽ മത്സരിക്കാനില്ലെന്ന പന്ന്യൻ രവീന്ദ്രന്റെ നിലപാടിന് പാർട്ടി വഴങ്ങിയതോടെ പിന്നീട് ഇന്നേവരെ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാൻ പോലും പറ്റാത്തവിധത്തിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം. അതിനാൽ പന്ന്യനിലൂടെ തന്നെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രചാരണ തന്ത്രങ്ങൾക്കാണ് സി.പി.ഐ ഇവിടെ കരുക്കൾ നീക്കുക.
സിറ്റിംഗ് എം.പി ശശി തരൂരിന് പിന്നാലെ രണ്ടാംസ്ഥാനത്ത് ബി.ജെ.പി അവകാശികളായതോടെ സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ അടക്കമുള്ളവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാർട്ടിക്കും ഇടതുമുന്നണിക്കും വൻ നാണക്കേടാണുണ്ടാക്കിയത്.
ഇത്തവണയും ശശി തരൂർ തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി എന്നിരിക്കെ പന്ന്യന്റെ വരവോടെ എൽ.ഡി.എഫ്-യു.ഡി.എഫ് പോരാട്ടം കൂടുതൽ കനക്കുമെന്നുറപ്പാണ്. അതിനിടെ, മതനിരപേക്ഷ വോട്ടുകളിൽ വിള്ളലുണ്ടായി ബി.ജെ.പി സ്ഥാനാർത്ഥിക്കു നേട്ടമുണ്ടാകുമോ എന്നതാണ് മതനിരപേക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്ന, മതന്യൂനപക്ഷങ്ങളിൽ ഉള്ളവരുടെ പ്രധാന ആശങ്ക.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന വിഷയങ്ങളെല്ലാം ചർച്ചയാവുന്ന തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അയോധ്യ വിഷയവും ചർച്ചയാകും. പ്രത്യേകിച്ചും ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് പള്ളി പൊളിച്ച് അമ്പലം പണിതതുമായി ബന്ധപ്പെട്ട് തരൂർ ഉയർത്തിയ വിവാദ അഭിമുഖം ഇടത് ചേരി തരൂരിനെതിരേ മണ്ഡലത്തിൽ കൂടുതൽ പ്രചാരണ ആയുധമാക്കുമെന്നാണ് വിവരം. ഇത് തരൂരിന് മതനിരപേക്ഷ ചേരിയിൽനിന്ന് പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളിൽനിന്ന് ലഭിക്കുന്ന വോട്ടുകളെ എത്ര കണ്ട് ചോർത്തുമെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരിക്കും അനന്തപുരിയുടെ ഫലത്തെ അന്തിമമായി സ്വാധീനിക്കുക.