Sorry, you need to enable JavaScript to visit this website.

മുസ്ലിംകൾ നേരിടുന്ന വെല്ലുവിളി ശക്തമായ നേതൃത്വമില്ലാത്തത്-കാന്തപുരം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പണ്ഡിത സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

മലപ്പുറം- ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായം എന്ന നിലയിൽ ദേശീയതലത്തിൽ മുസ്ലിംകൾ നേരിടുന്ന ഏറ്റവും പ്രധാനമായ പ്രശ്‌നം എല്ലായിടങ്ങളിലും പ്രാപ്തരായ നേതൃത്വത്തിന്റെ കുറവാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  പണ്ഡിതന്മാരാൽ നയിക്കപ്പെടുന്നവരാണ് ലോകത്തെങ്ങുമുള്ള മുസ്ലിംകൾ. എല്ലാ കാലത്തും അത് അങ്ങനെയാണ്. കേരളത്തിലെ മുസ്ലിം ജീവിതത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ പണ്ഡിതന്മാരുടെ നേതൃത്വപരമായ പങ്കാളിത്തം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടതാണ്. ദേശീയതലത്തിൽ ഇങ്ങനെയൊരു നേതൃത്വത്തെ രൂപപ്പെടുത്തി എടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരെ ഒരുമിച്ചു ചേർത്ത് അവർക്ക് ആവശ്യമായ പരിശീലനവും ജീവിത സാഹചര്യങ്ങളും ഒരുക്കി കൊടുക്കാൻ വഴിയൊരുങ്ങേണ്ടതുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആ ഉത്തരവാദിത്വം നിർവഹിക്കും.

നൂറ്റാണ്ട് പൂർത്തിയാകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ ഇതിനകം തന്നെ കേരളത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും അവശതയനുഭവിക്കുന്ന സമൂഹത്തെയും സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുക എന്നതാണ് സമസ്ത 100ാം വാർഷികത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന പ്രധാന പദ്ധതി.  വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സ്വയം പര്യാപ്ത സമൂഹം എന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിന് പുറത്തെ സംസ്ഥാനങ്ങളിൽ നടന്നിട്ടുള്ള വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ അതിശയം ജനിപ്പിക്കുന്നതാണ്. കേരളത്തിലേതിനു തുല്യമായ സാമൂഹിക വിദ്യാഭ്യാസ നിലവാരത്തിലേക്ക് ഇതര സംസ്ഥാനങ്ങളെ കൂടി കൊണ്ടുവരിക എന്ന വിശാലമായ ലക്ഷ്യം മുൻനിർത്തിയാണ് സമസ്ത പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സമസ്തയുടെ ആശയാദർശങ്ങൾ ശിരസാവഹിക്കുന്ന സംഘടനകളിലൂടെയും സ്ഥാപനങ്ങളിലൂടെയുമാണ് രാജ്യത്ത് വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നിരക്ഷരതയും സാമൂഹിക പിന്നോക്കാവസ്ഥയും വിദ്യാഭ്യാസത്തിന്റെ അഭാവവും ഭരണകൂടങ്ങളുടെ തെറ്റായ അടിച്ചമർത്തൽ നയങ്ങളും ചേർന്നു കൂടുതൽ അരക്ഷിതവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് പുറത്തുള്ള സമൂഹത്തെ കൂടുതൽ മികവോടെ സംബോധന ചെയ്യാനാണ് സമസ്ത ലക്ഷ്യമിടുന്നത്. പ്രസ്ഥാനത്തിന്റെ പ്രവർത്തനം ദേശീയതലത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള ആലോചനകൾ പതിറ്റാണ്ടുകൾക്ക് മുമ്പേ ആരംഭിക്കുകയും അതിന്റെ പ്രവർത്തനങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പൂർത്തീകരണം ലക്ഷ്യമിട്ടുള്ള കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടാണ് സമസ്ത മുന്നോട്ടുപോകുന്നത്.പുതിയ കാലത്തോട് സംവദിക്കാൻ ശേഷിയുള്ള, പുതിയ സങ്കേതങ്ങളെ ഉപയോഗിക്കാൻ വൈദഗ്ധ്യമുള്ള ആയിരം പുതിയ പ്രബോധകരെ അടിയന്തര സ്വഭാവത്തോടെ സമൂഹത്തിന് സമർപ്പിക്കാനാണ് സമസ്ത ലക്ഷ്യമിടുന്നത്.

കേരളത്തിലെ മുസ്ലിം സാമൂഹിക ജീവിതത്തിൽ മഹല്ലുകൾക്ക് സവിശേഷമായ സ്ഥാനമുണ്ട്. വിശ്വാസികളുടെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന സംഘടനാ സംവിധാനം കൂടിയാണ് മഹല്ല് കമ്മിറ്റികൾ. മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ടാണ് അതിന്റെ പ്രവർത്തന മേഖല എന്നിരിക്കിലും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി സഹവർത്തിത്വത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്താൻ മഹല്ലുകൾക്ക് സാധിച്ചിട്ടുണ്ട്. പുതിയകാല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ സൃഷ്ടിപരമായി സംബോധന ചെയ്യാൻ കഴിയുന്ന വിധത്തിലേക്ക് മഹല്ല് സംവിധാനങ്ങളെ ശാക്തീകരിക്കുക സമസ്തയുടെ ലക്ഷ്യങ്ങളിൽ പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടക്കം ഇടപെടാൻ കഴിയുന്ന വിധത്തിലേക്ക് മഹല്ലുകളെ ശാക്തീകരിക്കാൻ സമസ്ത പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി  പ്രത്യേകമായി തിരഞ്ഞെടുത്ത കർമ്മ പരിപാടികൾ മഹല്ലുകളിൽ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിലൂടെ പ്രാദേശികമായി വലിയ സാമൂഹിക വിപ്ലവം തന്നെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മുടെ ഗ്രാമങ്ങളെ അതിന്റെ സകല സാംസ്‌കാരിക വിശുദ്ധിയോടെയും പരിപാലിക്കപ്പെടേണ്ടതുണ്ട്. നഗര ജീവിതം മിക്കപ്പോഴും വ്യക്തിയിലേക്ക് ചുരുങ്ങുന്നത് കാണാറുണ്ട്. അതേസമയം ഗ്രാമങ്ങളിൽ മത ജാതി രാഷ്ട്രീയ ഭേദമില്ലാതെ സാമൂഹികമായ സങ്കലനവും സൗഹാർദ്ദവും ഇപ്പോഴും നിലനിൽക്കുന്നു. അത് നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ തന്നെ നിലനിൽപ്പുമായി ബന്ധപ്പെട്ട കാര്യമാണ്. വർഗീയതയോടും വിദ്വേഷ പ്രചാരണങ്ങളോടും സന്ധി ചെയ്യാത്ത ഗ്രാമീണ മനുഷ്യരെ ചേർത്തുപിടിക്കുന്ന, അതേസമയം അവരുടെ വിദ്യാഭ്യാസ സാംസ്‌കാരിക തൊഴിൽപരമായ മേഖലകളിൽ പുരോഗതി കൂടി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. ഇത്തരത്തിൽ സ്വയം പര്യാപ്തമായ 5000 മാതൃകാ ഗ്രാമങ്ങളെ രൂപപ്പെടുത്താൻ സമസ്ത ലക്ഷ്യമിടുന്നു.

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സാമൂഹിക ശാക്തീകരണ പദ്ധതികളുടെ ഗുണഫലങ്ങൾ പലപ്പോഴും അർഹരായ ആളുകളിലേക്ക് വന്നുചേരാറില്ല. അവകാശങ്ങളെക്കുറിച്ച് ബോധമില്ലാത്തതും സർക്കാർ പദ്ധതികളെക്കുറിച്ച് ധാരണ ഇല്ലാത്തതുമാണ് പ്രധാന വിലങ്ങുതടി. വിദ്യാഭ്യാസ മേഖലയിലെ പരിതാപകരമായ പിന്നോക്കാവസ്ഥ പരിഹരിച്ചു മാത്രമേ ഇത്തരം പ്രശ്‌നങ്ങൾ മറികടക്കാൻ കഴിയുകയുള്ളൂ. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ജമാഅത്ത് ഘടകങ്ങൾ, മുസ്ലിം എജുക്കേഷനൽ ബോർഡ്, എസ്എസ്എഫ് ഇന്ത്യ എന്നീ സംഘടനകളെയും സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. സർക്കാറുകളുമായി സഹകരിച്ചും സർക്കാർ സഹായങ്ങൾ ഉപയോഗപ്പെടുത്തിയും നിയമപരമായ അംഗീകാരത്തോടെയാവും ഇത്തരം പദ്ധതികളിലേക്ക് പ്രവേശിക്കുക.

അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ദൽഹി കേന്ദ്രീകരിച്ചാണ് ദേശീയ തല പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദൽഹിക്ക് പുറമെ മുംബൈ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ സോണൽ ഹബ്ബുകൾ സ്ഥാപിച്ചുകൊണ്ട് ദേശീയതലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് വേഗത വർദ്ധിപ്പിക്കും. സമസ്തയെ ഒരു ആശയമായി ദേശീയതലത്തിൽ വ്യാപിപ്പിക്കുകയും കേരളത്തിനും ഇതര സംസ്ഥാനങ്ങൾക്കുമിടയിൽ സാമൂഹികമായ ചേർന്നുനിൽപ്പിന്റെ പുതിയ അധ്യായങ്ങൾ സൃഷ്ടിക്കുകയുമാണ് സമസ്ത ലക്ഷ്യമിടുന്നത്. നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ അരക്ഷിതമാകാതെ ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടു പോകാൻ മുസ്ലിം ന്യൂനപക്ഷത്തിന് നേതൃപരമായ വഴി കാണിക്കുകയാണ് സമസ്തക്ക് ഇക്കാലത്ത് നിർവഹിക്കാനുള്ള സവിശേഷമായ ധർമ്മങ്ങളിലൊന്ന്. അത് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ തന്നെ പ്രസ്ഥാനം നിർവഹിക്കുമെന്നും കാന്തപുരം പറഞ്ഞു.

Latest News