Sorry, you need to enable JavaScript to visit this website.

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ സർക്കാർ മുൻ പ്ലീഡർ ജാമ്യ ഹർജി നൽകി

കൊച്ചി - ഒരു പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ റിമാൻഡിലുള്ള സർക്കാർ മുൻ പ്ലീഡർ പി.ജി മനു ജാമ്യ ഹർജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചു.
  പ്രമേഹ രോഗം കൂടിയതിനാൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിലെ സ്റ്റീൽ ഇട്ട സ്ഥലത്ത് പഴുപ്പുണ്ടെന്നതടക്കമുള്ള പ്രയാസങ്ങൾ ചൂണ്ടികാട്ടിയാണ് ജാമ്യ ഹർജി സമർപ്പിച്ചത്. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌തെന്നും ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം ഹരജി പരിഗണിക്കണമെന്നാണ് ആവശ്യം. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്റെ നിലപാട് തേടി. 
 2018-ലുണ്ടായ ലൈംഗിക അതിക്രമ കേസിൽ അഞ്ചുവർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പോലീസ് നിർദ്ദേശാനുസരണം നിയമസഹായം തേടിയെത്തിയ യുവതിയെ സർക്കാർ പ്ലീഡർ ഓഫീസിലും വീട്ടിലും വച്ച് ബലാത്സഗം ചെയ്‌തെന്നാണ് പി.ജി മനുവിനെതിരായ കേസ്. ഇയാൾ അയച്ച വാട്‌സാപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജനുവരി 31-നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയ്ക്ക് മുമ്പാകെ പി.ജി മനു കീഴടങ്ങിയത്. സർക്കാർ റിപോർട്ട് ലഭിച്ചശേഷം ജാമ്യ ഹർജി കോടതി പരിഗണിക്കും. 
 

Latest News