സൗദി അറേബ്യയുടെ സ്ഥാപകദിനം ഒരിക്കല്‍കൂടി വന്നണയുമ്പോള്‍ സ്വദേശികളും ഈ രാജ്യം പോറ്റുന്ന ലക്ഷക്കണക്കിന് വിദേശികളും ആഹ്ലാദത്തിലാണ്.
എല്ലാ മേഖലകളിലും വന്‍തോതിലുള്ള വളര്‍ച്ച രേഖപ്പെടുത്തുകയാണ് സൗദി അറേബ്യ. കോവിഡ് മിക്ക രാജ്യങ്ങളേയും സാമ്പത്തികമായി ഉലച്ചപ്പോള്‍ സൗദി അറേബ്യ പിടിച്ചുനിന്നു. കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ വ്യാപാര മേഖല വലിയ തിരിച്ചടിയാണ് നേരിട്ടത്. എന്നാല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും ഇളവുകള്‍ നല്‍കിയും ഈ മേഖലയെ കരുതലോടെ കൈപിടിച്ചുയര്‍ത്തി.
വന്‍തോതില്‍ വ്യവസായ പുരോഗതി
്‌വ്യാവസായിക രംഗത്തും വലിയ പുരോഗതിയിലാണ് രാജ്യം. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുമായി വ്യാവസായിക കരാറുകള്‍ സ്ഥാപിച്ചതിലൂടെ വലിയ തോതിലുള്ള വൈവിധ്യവത്കരണം നേടിയെടുത്തു. എണ്ണ കയറ്റുമതിയില്‍ നീതിപൂര്‍വകമായ സന്തുലിതത്വം നിലനിര്‍ത്തുന്നതിനും എണ്ണയുടെ വില പിടിച്ചുനിര്‍ത്തുന്നതിനും ക്രിയാത്മക സംഭാവനകളാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ നല്‍കിയത്.
വനിതാശാക്തീകരണം
വനിതാ ശാക്തീകരണമാണ് സൗദിയുടെ നേട്ടങ്ങളില്‍ എടുത്തുപറയേണ്ട കാര്യം. എല്ലാ രംഗങ്ങളിലും വനിതകളുടെ ശക്തമായ സാന്നിധ്യവും പങ്കാളിത്തവും ദൃശ്യമാണ്. ബിസിനസ് രംഗം മുതല്‍ ടാക്‌സി ഓടിക്കുന്നവരില്‍ വരെ സൗദി വനിതകളുണ്ട്. യാഥാസ്ഥിതിക തൊഴില്‍ സങ്കല്‍പങ്ങളില്‍നിന്ന് അതിവേഗമാണ് രാജ്യം ഈ വലിയ പുരോഗതിയിലേക്ക് ഓടിയെത്തിയത്. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും ബിസിനസ് സംരംഭങ്ങളിലുമെല്ലാം വലിയ തോതിലുള്ള വനിതാ പങ്കാളിത്തമാണ് കാണുന്നത്.
തൊഴിലില്ലായ്മ കുറയുന്നു
രാജ്യത്തെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പല മേഖലകളിലും സൗദിവത്കരണം ശക്തമായി നടക്കുന്നത് വിദേശ തൊഴിലാളികളില്‍ തൊഴില്‍ നഷ്ട ഭീതിയുണ്ടാക്കുന്നുവെങ്കിലും പുതിയ മേഖലകള്‍ അവര്‍ക്കായി തുറന്നുവരുന്നുണ്ട്. കോവിഡ് ഭീതി പൂര്‍ണമായി ഒഴിയുന്നതോടെ നിരവധി തൊഴില്‍മേഖലകള്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ വിദേശികളുടെ സാന്നിധ്യം ഇനിയും തുടരുമെന്നുറപ്പ്.
വിഷന്‍ 2030 ലക്ഷ്യങ്ങളിലേക്ക്
പൂര്‍ണമായും സമാധാനപരമാണ് രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക രംഗം. സ്ഥിരതയുള്ള സര്‍ക്കാരും വ്യക്തമായ വികസന കാഴ്ചപ്പാടും രാജ്യത്തെ അനുദിനം മുന്നോട്ടുനയിക്കുന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മുന്നോട്ടുവെച്ച വിഷന്‍ 2030 സാക്ഷാത്കൃതമാകുമ്പോള്‍ ആധുനിക സൗദി അറേബ്യക്ക് 100 വയസ്സ് പൂര്‍ത്തിയാകും. ആ മഹദ്്ദിനത്തിലേക്ക് കണ്ണോടിക്കുകയാണ് രാജ്യത്തെ പ്രവാസികളും പൗരന്‍മാരും. സൗദി അറേബ്യക്ക് ആശംസകള്‍.