മലപ്പുറം- കൂട്ടിലങ്ങാടി ചെലൂരിൽ നവജാത ശിശുവിനെ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഡി.എൻ.എ പരിശോധന നടത്തും. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവിഹിത ഗർഭത്തെ തുടർന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ യുവതിയുടെ സഹോദരൻ വിളഞ്ഞിപ്പുലാൻ ശിഹാബി(26)നെ മലപ്പുറം പോലീസ് പിടികൂടിയിരുന്നു. താനാണ് കൃത്യം നടത്തിയതെന്ന് ശിഹാബ് വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ മാതാവ് നബീല(29)യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലപ്പുറം ഡിവൈഎസ്പി. ജലീൽ തോട്ടത്തിൽ പറഞ്ഞു. സംഭവത്തിൽ കൂട്ട് പ്രതികളുണ്ടോയെന്നും അന്വേഷിക്കും.
രണ്ട് വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസം. അവിഹിതമായി ഗർഭമുണ്ടായപ്പോൾ പുറത്തറിയിച്ചിരുന്നില്ല. ഞായറാഴ്ച ഉച്ചക്കാണ് നബീല വീട്ടിലെ ടോയ്‌ലറ്റിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് സഹോദരൻ ശിഹാബിനെ വിവരം അറിയിച്ചു. സഹോദരൻ മാനഹാനി ഭയന്ന് നാല് മണിയോടെ വീട്ടിനുള്ളിൽ വെച്ച് നബീലയുടെ സമ്മതത്തോടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ തലയും ശരീരവും രണ്ടായി മുറിച്ച് മാറ്റി. തല കട്ടിലിലെ തലയിണയുടെ കവറിനുളിലാക്കി. ശരീര ഭാഗം വരിഞ്ഞ് കെട്ടി. രണ്ടും ചേർത്ത് ചാക്കിലാക്കി കട്ടിലിനടിയിൽ സൂക്ഷിച്ചു. രാത്രിയോടെ പുറത്ത് കൊണ്ടുപോയി വലിച്ചെറിയാനായിരുന്നു ശ്രമം. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ ഇവരുടെ നീക്കങ്ങൾ പാളി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ ചാക്കിൽ കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് ഇവരുടെ വീടിന്റെ ടെറസിന് മുകളിൽ നിന്ന് കണ്ടെത്തി. തുടർന്ന് ശിഹാബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.






