രാജ്യം വിടാന്‍ സാധ്യതയെന്ന് സൂചന, ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ഇ ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ബെംഗളൂര്‍ - രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇ ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഇ ഡിയുടെ ഔദ്യോഗിക വിശദീകരണം. നാളെ ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് നീക്കാനായി മാര്‍ക് സക്കര്‍ബര്‍ഗ് അടക്കമുള്ള നിക്ഷേപകര്‍ അസാധാരണ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ബൈജു രവീന്ദ്രനെതിരെ ഇ ഡിയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ ചേരാനിരിക്കുന്ന ഓഹരി ഉടമകളുടെ ജനറല്‍ ബോഡി യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നടപ്പാക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബെംഗളുരുവിലെ പ്രസ്റ്റീജ് പാര്‍ക്കെന്ന കെട്ടിടത്തിലെ നാല് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഓഫീസ് കഴിഞ്ഞയാഴ്ചയാണ് ബൈജൂസ് ഒഴിഞ്ഞത്. കൊവിഡിന് ശേഷം ബൈജൂസിന്റെ ഓഹരി മൂല്യത്തില്‍ തുടര്‍ച്ചയായി ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. 1.2 ബില്യണ്‍ ഡോളറിന്റെ വായ്പാ തുകയുടെ പേരിലും വിവിധ ധനകാര്യസ്ഥാപനങ്ങളുമായി നിയമയുദ്ധത്തിലാണ് ബൈജൂസ്. കഴിഞ്ഞ ഒന്നരവര്‍ഷമായി ബൈജു രവീന്ദ്രന്‍ ദുബായിലും ദല്‍ഹിയിലുമായി മാറി മാറിയാണ് താമസിക്കുന്നത്.

 

Latest News