ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ആമസോണ്‍ മഴക്കാടുകളുടെ ഹൃദയഭാഗത്ത് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ഭീമന്‍ അനക്കോണ്ടയെ അടുത്തിടെ ടിവി വൈല്‍ഡ് ലൈഫ് അവതാരകനായ പ്രൊഫസര്‍ ഫ്രീക് വോങ്ക് നാഷണല്‍ ജിയോഗ്രാഫിക് പര്യവേഷണത്തിനിടെ കണ്ടെത്തുകയായിരുന്നു. കൂറ്റന്‍ അനക്കോണ്ടയ്ക്ക് 26 അടി നീളവും 440 പൗണ്ട് ഭാരവുമുണ്ട്. തലക്ക് മനുഷ്യന്റെ തലയുടെ അതേ വലുപ്പമാണെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ പാമ്പ് ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പാമ്പായി അവകാശപ്പെടുന്നു.
വില്‍ സ്മിത്തിനൊപ്പം നാഷണല്‍ ജിയോഗ്രാഫിക്‌സ് ഡിസ്‌നി+ സീരീസായ പോള്‍ ടു പോള്‍ ചിത്രീകരണത്തിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. വടക്കന്‍ പച്ച അനക്കോണ്ട എന്നര്‍ത്ഥം വരുന്ന 'യൂനെക്ടസ് അക്കയിമ' എന്ന ലാറ്റിന്‍ നാമമാണ് ഗവേഷകര്‍ പുതിയ ഇനത്തിന് നല്‍കിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയില്‍, പ്രൊഫസര്‍ വോങ്ക് തന്റെ കണ്ടെത്തല്‍ പുറത്തുവിട്ടു. അനക്കോണ്ടയ്‌ക്കൊപ്പം ഭയമില്ലാതെ നീന്തുന്നത് കാണാം. ''ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അനക്കോണ്ടയെ വീഡിയോയില്‍ കാണാം, ഒരു കാറിന്റെ ടയര്‍ പോലെ കട്ടിയുള്ള തൊലി. എട്ട് മീറ്റര്‍ നീളവും, 200 കിലോയിലധികം ഭാരവും എന്റെ തലയോളം വലിപ്പമുള്ള തലയും -അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കി.