റിയാദ്- സൗദി അറേബ്യയിലെ മലയാളി എന്‍ജിനീയേഴ്‌സ് കൂട്ടായ്മ ആയ കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഘടിപ്പിച്ചു. റിയാദ് സൂലെയില്‍ നടന്ന പരിപാടിയില്‍ നിരവധി മലയാളി എഞ്ചിനിയര്‍മാരും അവരുടെ ഫാമിലികളും പങ്കെടുത്തു.
നാലു ഗ്രൂപ്പുകളായി നടന്ന മത്സരങ്ങള്‍ വളരെ വീറും വാശിയും നിറഞ്ഞതായിരുന്നു.പങ്കെടുത്തവര്‍ തങ്ങളുടെ കഴിവുകളും കായികക്ഷമതയും പ്രകടിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ അന്തരീക്ഷം ആവേശവും പ്രതീക്ഷയും നിറഞ്ഞതായി മാറി. തങ്ങളുടെ ബാനറുകളും പതാകകളും പ്രദര്‍ശിപ്പിച്ച ഗ്രൂപ്പുകളുടെ വര്‍ണാഭമായ പരേഡ് ഉദ്ഘാടന ചടങ്ങിന്റെ പൊലിമ കൂട്ടി.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളായ സ്പ്രിന്റിംഗ്, റിലേ റേസുകള്‍, ഷോര്‍ട് പുട് എന്നീ മല്‌സരങ്ങള്‍ക്കു പുറമെ വ്യത്യസ്തമായ ഫണ്‍ ഗെയിമുകളും നടത്തപ്പെട്ടു .കാണികളുടെ ആവേശം ഉയര്‍ത്തുന്നതായിരുന്നു ഫുട്ബാള്‍, വോളി ബോള്‍ മത്സരങ്ങള്‍. ഗ്രൂപ്പുകള്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ടീം വര്‍ക്കും അഭിനന്ദനാര്‍ഹമായിരുന്നു.
ഓരോ ഇനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മെഡലുകള്‍ നല്‍കി. എന്നാല്‍ മെഡലുകള്‍ക്കപ്പുറം, സ്‌പോര്‍ട്‌സ് എന്നത് ദൈനംദിന ജോലിത്തിരക്കുകളില്‍നിന്നും മാറി നിന്നു മനസിനും ശരീരത്തിനും ഉണര്‍വേകാനും തന്നിലെ കായികക്ഷമത പുറത്തെടുക്കാനുമുള്ള ഒരുമിച്ചുകൂടലിന്റെയും ചിരിയും ആഹ്ലാദവും സൗഹൃദ മത്സരവും നിറഞ്ഞ ആഘോഷമായി മാറി.






