സൗദി അറേബ്യ സ്ഥാപകദിനാഘോഷ നിറവില്‍

മൂന്നു നൂറ്റാണ്ടോളം നീളുന്ന രാജ്യത്തിന്റെ ഉറച്ച വേരുകളിലുള്ള അഭിമാനവും, ഭരണാധികാരികളും പൗരന്മാരും തമ്മിലുള്ള ശക്തമായ ബന്ധവും ജനമനസ്സുകളില്‍ ഊട്ടിയുറപ്പിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഭരണനേതൃത്വത്തില്‍ സൗദി അറേബ്യ നാളെ സ്ഥാപകദിനാഘോഷ നിറവില്‍. മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദിര്‍ഇയ തലസ്ഥാനമായും വിശുദ്ധ ഖുര്‍ആനും നബിചര്യയും ഭരണഘടനയുമായി സ്ഥാപിതമായ സൗദി അറേബ്യ ഇന്നും അടിസ്ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്‌കാരങ്ങളുടെയും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും അനുസ്യൂത പ്രയാണം തുടരുന്നു.
മുന്നൂറു വര്‍ഷം മുമ്പ് ഹിജ്‌റ 1139 മധ്യത്തില്‍ (1727 ഫെബ്രുവരിയില്‍) ഇമാം മുഹമ്മദ് ബിന്‍ സൗദിന്റെ കരങ്ങളാല്‍ ആദ്യ സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ ഓര്‍മകള്‍ പുതുക്കാനുള്ള ദേശീയ അവസരമാണ് സ്ഥാപകദിനാഘോഷം. എല്ലാ വര്‍ഷവും ഫെബ്രുവരി 22 ന് സൗദി സ്ഥാപകദിന വാര്‍ഷികം ആഘോഷിക്കാനും ഫെബ്രുവരി 22 ന് പൊതുഅവധി നല്‍കാനുമുള്ള തീരുമാനം 2022 ജനുവരി 27 ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിക്കുകയായിരുന്നു.
സൗദി ഭരണകൂട ചരിത്രത്തിന് കൂടുതല്‍ കാലത്തെ പഴക്കമില്ല എന്ന നിലക്ക് പ്രചരിക്കുന്ന കിംവദന്തികള്‍ക്ക് വിരുദ്ധമായി, രാഷ്ട്ര ചരിത്രത്തിന് സുദീര്‍ഘമായ പാരമ്പര്യമുണ്ട്. മൂന്നു നൂറ്റാണ്ടിലേറെ മുമ്പാണ് ആദ്യ സൗദി രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്. ഇക്കാലയളവില്‍ ബാഹ്യസ്വാധീനങ്ങളില്‍ നിന്ന് അകന്ന് രാജ്യം സ്വാതന്ത്ര്യവും സ്ഥിരതയും നിലനിര്‍ത്തി. സ്ഥാപിതമായതു മുതല്‍ ഇന്നു വരെ ഭരണാധികാരികളാലും ജനങ്ങളാലും സൗദി അറേബ്യ തികച്ചും അറബ് രാഷ്ട്രമാണ്.
1727 ഫെബ്രുവരി 22 ന് ആണ് ഇമാം മുഹമ്മദ് ബിന്‍ സൗദ് ദിര്‍ഇയ തലസ്ഥാനമായി ആദ്യ സൗദി രാഷ്ട്രം സ്ഥാപിച്ചത്. അടുത്ത കാലം വരെ, ചില സ്രോതസ്സുകള്‍ ആദ്യ സൗദി രാഷ്ട്രത്തിന്റെ ആവിര്‍ഭാവ തീയതിയെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ദിര്‍ഇയയിലേക്കുള്ള വരവും അദ്ദേഹത്തിന്റെ മതപ്രബോധനവുമായും ബന്ധപ്പെടുത്തിയിരുന്നു. ഇത് ശരിയല്ല. ഇമാം മുഹമ്മദ് ബിന്‍ സൗദ് ദിര്‍ഇയയില്‍ അധികാരമേറ്റതാണ് ആദ്യ സൗദി രാഷ്ട്ര സ്ഥാപനത്തിന്റെ യഥാര്‍ഥ തീയതി. ആദ്യ സൗദി രാഷ്ട്രത്തിന്റെ മഹത്വം ഓര്‍മിക്കാന്‍ സ്ഥാപകദിനം തെരഞ്ഞെടുത്തത് രാജ്യത്തിന്റെ ദീര്‍ഘകാല വേരുകളില്‍ അഭിമാനിക്കാനും രാജ്യത്തെ അതിന്റെ മഹത്വത്തിലേക്ക് നയിച്ച ഭരണാധികാരികളും പൗരന്മാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ആഹ്വാനമാണ്. സൗദി ഭരണകൂടം അടിത്തറ സ്ഥാപിച്ച ദേശീയ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവയിലും ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെയും മക്കളായ രാജാക്കന്മാരുടെയും നേട്ടങ്ങളിലും അഭിമാനിക്കാനുള്ള സുദിനമാണ് സ്ഥാപകദിനാഘോഷം.
ഇമാം മുഹമ്മദ് ബിന്‍ സൗദ് സ്ഥാപിച്ച ഒന്നാമത് സൗദി രാഷ്ട്രം 1818 ല്‍ അവസാനിച്ചു. 1824 ല്‍ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദിന്റെ കരങ്ങളാല്‍ രണ്ടാം സൗദി രാഷ്ട്രം നിലവില്‍വന്നു. 1891 ല്‍ രണ്ടാം സൗദി രാഷ്ട്രത്തിന്റെ ഭരണം അവസാനിച്ചു. 1902 ജനുവരി 15 ന് (ഹിജ്‌റ 1319 ശവ്വാല്‍ 5) അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് രാജാവ് തലസ്ഥാനമായ റിയാദ് തിരിച്ചുപിടിച്ചതോടെ മൂന്നാമത് സൗദി രാഷ്ട്രം നിലവില്‍വന്നു. മൂന്നാമത് സൗദി രാഷ്ട്രത്തിന്റെ ശ്രമകരമായ ഏകീകരണത്തിന് 30 വര്‍ഷത്തിലേറെ കാലമെടുത്തു. 1902 ല്‍ ആരംഭിച്ച ഏകീകരണ പദ്ധതി പൂര്‍ത്തിയായി 1932 സെപ്റ്റംബര്‍ 19 ന് ആണ് കിംഗ്ഡം ഓഫ് സൗദി അറേബ്യ എന്ന് രാജ്യത്തിന് നാമകരണം ചെയ്ത് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.
ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന് ഇമാം, നജ്ദ് അമീര്‍, നജ്ദ് ഗോത്ര നേതാവ്, നജ്ദ് സുല്‍ത്താന്‍, ഹിജാസ് രാജാവ് എന്നീ പല വിളിപ്പേരുകളുമുണ്ടായിരുന്നു. 1932 ല്‍ ആണ് സൗദി അറേബ്യയുടെ രാജാവ് എന്ന് അബ്ദുല്‍ അസീസ് രാജാവിനെ വിളിക്കാന്‍ തുടങ്ങിയത്. സൗദി അറേബ്യയുടെ ഏകീകരണ പ്രഖ്യാപനത്തിന് 1932 സെപ്റ്റംബര്‍ 23 ആണ് തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 23 ന് ദേശീയദിമായി നിര്‍ണയിക്കുകയും ചെയ്തു.
1953 നവംബര്‍ ഒമ്പതിനാണ് അബ്ദുല്‍ അസീസ് രാജാവ് അന്തരിച്ചത്. അബ്ദുല്‍ അസീസ് രാജാവിനു ശേഷം മക്കളായ സൗദ് രാജാവ് 1953 മുതല്‍ 1964 വരെയും ഫൈസല്‍ രാജാവ് 1964 മുതല്‍ 1975 വരെയും ഖാലിദ് രാജാവ് 1975 മുതല്‍ 1982 വരെയും ഫഹദ് രാജാവ് 1982 മുതല്‍ 2005 വരെയും അബ്ദുല്ല രാജാവ് 2005 മുതല്‍ 2015 വരെയും ഭരണം കൈയാളി. 2015 മുതല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് ഭരണം നടത്തുന്നത്.
യുഗാന്തരങ്ങളില്‍ വികസനത്തിന്റെയും വളര്‍ച്ചയുടെയും പുരോഗതിയുടെയും പടവുകള്‍ ചവിട്ടിക്കയറിയാണ് ഇന്ന് കാണുന്ന അഭിവൃദ്ധിയും ആഗോള തലത്തില്‍ മികച്ച സ്ഥാനവും രാജ്യം കൈവരിച്ചത്. സൗദി രാഷ്ട്ര സ്ഥാപനത്തിന്റെ അടയാളങ്ങള്‍ അറേബ്യന്‍ ഉപദ്വീപിലെങ്ങും പ്രകടമായി. സൗദി രാഷ്ട്രം സ്ഥാപിതമായതു മുതല്‍ മൂന്നു നൂറ്റാണ്ടിന്റെ ഓര്‍മകളും അനശ്വര സംഭവങ്ങളും നിലപാടുകളും സ്മരിക്കാനുള്ള അവസരമാണ് സ്ഥാപകദിനാഘോഷം. ഒരു നിമിഷാര്‍ധത്തില്‍ സ്വാഭാവികമായി പിറവിയെടുത്ത രാജ്യമായിരുന്നില്ല സൗദി അറേബ്യ. മറിച്ച്, നൂറ്റാണ്ടുകളിലൂടെയാണ് രാജ്യം രൂപപ്പെട്ടതും സമൂഹത്തിന്റെ സുരക്ഷക്കും ഇരു ഹറമുകളുടെയും പരിചരണത്തിനും ജനക്ഷേമത്തിനും മുന്‍ഗണ നല്‍കുന്ന ഒരു യോജിച്ച ഭരണകൂടത്തിന്റെ അടിത്തറ ഉറപ്പിച്ചതും. നിരവധി വെല്ലുവിളികള്‍ക്കിടെയും ദേശീയ ഐക്യത്തിന്റെ ആഴവും ശക്തിയും മൂന്നു നൂറ്റാണ്ടായി രാജ്യത്തിന്റെ തുടര്‍ച്ചക്ക് സഹായിച്ചു. വൈദേശിക ആക്രമണങ്ങളെ സൗദി അറേബ്യ ചെറുക്കുകയും സാമൂഹിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ തോല്‍പിക്കുകയും ചെയ്തു. മുന്‍കാലങ്ങളില്‍ കടന്നുപോയ വിഷമകരമായ സാഹചര്യങ്ങള്‍ തരണം ചെയ്ത് രാജ്യം ഇന്ന് അന്തസ്സിന്റെയും അഭിമാനത്തിന്റെയും അഭിവൃദ്ധിയുടെയും ഉത്തുംഗതകളിലെത്തി.  
സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് ഭരണാധികാരികളോടുള്ള കൂറും സ്‌നേഹവും പ്രകടിപ്പിക്കുകയും ഗതകാല ചരിത്രം അനുസ്മരിക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, കലാ പരിപാടികള്‍ രാജ്യത്തെങ്ങും നടക്കുന്നു. സ്ഥാപകദിനത്തിന് സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കൂടി കണക്കിലെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നു ദിവസവും സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് രണ്ടു ദിവസവും അവധിയായിരിക്കും.
കഴിഞ്ഞ ചൊവ്വാഴ്ച തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം സൗദി ഭരണകൂടത്തിന്റെ പ്രയാണത്തിലും മൂന്നു നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അതിന്റെ ചരിത്രത്തിലും ഐക്യം, സുരക്ഷ, സ്ഥിരത, വികസന, നിര്‍മാണ തുടര്‍ച്ച എന്നീ കാര്യങ്ങളില്‍ കൈവരിച്ച നേട്ടങ്ങളിലും ചരിത്രത്തിന്റെ ആഴങ്ങളില്‍ വേരോടിയ ഈ രാഷ്ട്രത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിലും അഭിമാനം പ്രകടിപ്പിച്ചു.

Latest News