ചികിത്സാ പിഴവു മൂലം ആരോഗ്യസ്ഥിതി മോശമായി, മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കോട്ടയം- തെറ്റായ രോഗനിര്‍ണയത്തിലൂടെ ചികിത്സാ പിഴവു മൂലം ആരോഗ്യസ്ഥിതി മോശമായി എന്ന പരാതിയില്‍ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വൈക്കം ചെമ്മനാംകരിയിലുള്ള ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയോടും ചികിത്സകനായ ന്യൂറോളജിസ്റ്റ് ഡോ. കെ. പരമേശ്വരനോടും ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. തൊടുപുഴ കോടിക്കുളം സ്വദേശി എന്‍.കെ. സുകുമാരന്റെ പരാതിയിലാണ് ഉത്തരവ്.

കഴുത്തുവേദനയെതുടര്‍ന്ന് 2016ലാണ് വൈക്കം ചെമ്മനാകരിയിലുള്ള ഇന്‍ഡോ അമേരിക്ക ആശുപത്രിയെ സുകുമാരന്‍ സമീപിച്ചത്. എം.ആര്‍.ഐ. പരിശോധനയുടെ അടിസ്ഥാനത്തില്‍ ടിബി രോഗമാണെന്നു നിര്‍ണയിച്ച ഡോ. കെ പരമേശ്വരന്‍ സ്റ്റെപ്‌റ്റോമൈസിന്‍ 1000 എം.ജി. എന്ന മരുന്നാണ് നിര്‍ദേശിച്ചത്. ദിവസങ്ങള്‍ക്കകം ആരോഗ്യസ്ഥിതി മോശമായ പരാതിക്കാരന്‍ വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ഈ മരുന്നിനു പകരം മറ്റൊരു മരുന്നു നിര്‍ദേശിച്ചു. തുടര്‍ന്നു പരാതിക്കാരന്‍ കോട്ടയം മെഡിക്കല്‍ കോളേജിനെ സമീപിക്കുകയും അവിടെ വീണ്ടും നടത്തിയ എം.ആര്‍.ഐ. പരിശോധനയില്‍ നട്ടെല്ലില്‍ അസ്ഥിരോഗം മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നും മറ്റ് അസുഖങ്ങളൊന്നും ഇല്ലായെന്നും കണ്ടെത്തി.

 ഇതേത്തുടര്‍ന്നാണ് 2017 ല്‍ കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. രോഗനിര്‍ണയത്തിനാവശ്യമായ അനുബന്ധ പരിശോധനകള്‍ ഒന്നുംതന്നെ നടത്താതെ തെറ്റായ രോഗനിര്‍ണയത്തിലൂടെ മറ്റു മരുന്നുകള്‍ നല്‍കി പരാതിക്കാരന്റെ ആരോഗ്യനില മോശമാക്കിയത് എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവനന്യൂനതയും മെഡിക്കല്‍ അശ്രദ്ധയുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. പരാതിക്കാരനുണ്ടായ മാനസികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഒന്നാം എതിര്‍കക്ഷിയായ ഡോ.കെ പരമേശ്വരനും രണ്ടാം എതിര്‍കക്ഷിയായ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയും ചേര്‍ന്ന് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റ്്, അഡ്വ. ആര്‍. ബിന്ദു. കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

Latest News