Sorry, you need to enable JavaScript to visit this website.

വീറ്റോ ആക്രമണം തുടരാന്‍ ഇസ്രായിലിനുള്ള പച്ചക്കൊടി-ഫലസ്തീന്‍ പ്രസിഡന്‍സി

ജിദ്ദ-ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തത് ഫലസ്തീനികള്‍ക്കെതിരായ ആക്രമണം തുടരാനും റഫക്കു നേരെ മാരകമായ ആക്രമണം നടത്താനും ഇസ്രായിലിനുള്ള മറ്റൊരു പച്ചക്കൊടിയാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി പറഞ്ഞു. ഗാസ ആക്രമണം നിര്‍ത്താന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കുന്ന പ്രമേയം പാസാക്കുന്നത് തടയാന്‍ അമേരിക്ക വീണ്ടും വീറ്റോ അവകാശം ഉപയോഗിച്ചതിനെ ഫലസ്തീന്‍ പ്രസിഡന്‍സി ശക്തമായി അപലപിച്ചു. ഫലസ്തീനികള്‍ക്കെതിരെ അധിനിവേശ ശക്തിയായ ഇസ്രായില്‍ നടത്തുന്ന വംശഹത്യാ യുദ്ധം നിര്‍ത്താന്‍ അമേരിക്ക വിസമ്മതിക്കുന്നത് തുടരുന്നത് ആശ്ചര്യകരമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇച്ഛാശക്തിയെ ആണ് അമേരിക്കന്‍ വീറ്റോ വെല്ലുവിളിക്കുന്നത്. 
അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍ ഇസ്രായിലിന് പിന്തുണയും സംരക്ഷണവും നല്‍കുകയാണ്. രക്ഷാ സമിതിയില്‍ ബദല്‍ കരടു പ്രമേയം സമര്‍പ്പിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം അറബ് പ്രമേയം വീറ്റോ ചെയ്തതിനെ ന്യായീകരിക്കാന്‍ വേണ്ടിയുള്ളതാണ്. ഗാസയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കമെതിരെ തുടരുന്ന ഇസ്രായിലി ആക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്കാണ്. ഇസ്രായിലിനെ പിന്തുണക്കുന്ന അമേരിക്കയുടെ നയം ഗാസയിലും വെസ്റ്റ് ബാങ്കിലും ജറൂസലമിലും ഇസ്രായില്‍ നടത്തുന്ന വംശഹത്യയിലും വംശീയ ഉന്മൂലനത്തിലും യുദ്ധക്കുറ്റങ്ങളിലും അമേരിക്കയെ പങ്കാളിയാക്കുന്നു. അമേരിക്കയുടെ ഈ നയം ലോകത്തിനും ലോക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി മാറിയിരിക്കുന്നതായും ഫലസ്തീന്‍ പ്രസിഡന്‍സി പറഞ്ഞു. 
പ്രമേയം പരാജയപ്പെടുത്തിയ അമേരിക്കയുടെ നടപടി ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്യാനും നിര്‍ബന്ധിച്ച് കുടിയിറക്കാനുമുള്ള ഇസ്രായിലി അജണ്ടക്ക് ഗുണം ചെയ്യുന്നതായി ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസ ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം പരാജയപ്പെടുത്തിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യു.എസ് ഭരണകൂടത്തിനും നേരിട്ട് ഉത്തരവാദിത്തമുണ്ട്. കൂടുതല്‍ കൂട്ടക്കുരുതികള്‍ നടത്താന്‍ ഇസ്രായിലിനുള്ള പച്ചക്കൊടിയാണ് അമേരിക്കയുടെ നടപടിയെന്നും ഹമാസ് പറഞ്ഞു.
ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്തതില്‍ അറബ് പാര്‍ലമെന്റ് കടുത്ത ഖേദം പ്രകടിപ്പിച്ചു. ഗാസയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത് അന്താരാഷ്ട്ര സമൂഹവും രക്ഷാ സമിതിയും കൈയുംകെട്ടി നോക്കിനില്‍ക്കുന്നതും ഇസ്രായിലിന് വഴങ്ങുന്നതും ഏറെ അപകടം ചെയ്യും. ലോക സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ അശക്തമായ സംവിധാനമായി രക്ഷാ സമിതി മാറിയെന്നാണ് സെക്യൂരിറ്റി കൗണ്‍സിലില്‍ നടക്കുന്ന സംഭവികാസങ്ങള്‍ വ്യക്തമാക്കുന്നത്. 
ഇരട്ടത്താപ്പില്ലാതെ ലോകത്ത് സുരക്ഷയും സമാധാനവും പ്രചരിപ്പിക്കുകയെന്ന ചുമതല നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് രക്ഷാ സമിതി അടിയന്തിരമായി പരിഷ്‌കരിക്കണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. ഗാസയില്‍ ക്രൂരമായ കൂട്ടക്കുരുതികള്‍ തുടരുന്നത് മാനവരാശിക്ക് നാണക്കേടാണ്. ഫലസ്തീനികളുടെ രക്തച്ചൊരിച്ചില്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം മൂന്നാം തവണയും വീറ്റോ അവകാശം ഉപയോഗിച്ച് അമേരിക്ക പരാജയപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഈജിപ്ത് പറഞ്ഞു. ഇസ്രായിലി ആക്രമണം 29,000 ലേറെ സാധാരണക്കാരുടെ മരണത്തിലേക്ക് നയിച്ചു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്തത് യുദ്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ രക്ഷാ സമിതിയുടെ ചരിത്രത്തിലെ ലജ്ജാകരമായ മാതൃകയാണെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ യുദ്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യു.എന്‍ രക്ഷാ സമിതി കാണിക്കുന്ന ഇരട്ടത്താപ്പും വിവേചനവും അപലപനീയമാണ്. ലോകത്ത് സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന്റെയും തടയുന്നതിന്റെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെയും ഉത്തരവാദിത്തമുള്ള രക്ഷാ സമിതി അടക്കമുള്ള അന്താരാഷ്ട്ര സംവിധാനത്തിന്റെ വിശ്വാസ്യതയില്‍ ഇത് സംശയമുണ്ടാക്കുന്നു. റഫയിലെ സൈനിക നടപടികള്‍ അടക്കം ഫലസ്തീനികളെ സ്വന്തം രാജ്യത്തു നിന്ന് നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ഒരു നടപടികളും ഈജിപ്ത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 


 
 

Latest News