Sorry, you need to enable JavaScript to visit this website.

ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക  വീറ്റോ ചെയ്തത് ഖേദകരം- സൗദി 

ജിദ്ദ - യു.എന്‍ രക്ഷാ സമിതി പരിഷ്‌കരിക്കേണ്ടത് എന്നത്തേക്കാളും കൂടുതല്‍ ആവശ്യമായി മാറിയതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാ സമിതിയില്‍ അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയ പശ്ചാത്തലത്തിലാണ് രക്ഷാ സമിതി പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമായി മാറിയതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്. അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് അള്‍ജീരിയ ആണ് ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാ സമിതിക്കു മുന്നില്‍ സമര്‍പ്പിച്ചത്. 
കരടു പ്രമേയത്തെ വീറ്റോ ചെയ്തത് ഖേദകരമാണെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വിശ്വാസ്യതയോടെയും ഇരട്ടത്താപ്പുകളില്ലാതെയും നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിന് രക്ഷാ സമിതി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളും കൂടുതല്‍ ആവശ്യമാണെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ഗാസയിലും പരിസരപ്രദേശങ്ങളിലും മാനുഷിക സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന സൈനിക നടപടികള്‍ രൂക്ഷമാകുന്നതിനെ കുറിച്ചും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് സംവാദത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് സൈനിക നടപടികള്‍ രൂക്ഷമാക്കുന്നത് ഗുണം ചെയ്യില്ലെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതില്‍ രക്ഷാ സമിതി പരാജയപ്പെട്ടതില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഖേദം പ്രകടിപ്പിച്ചു. അറബ് ഗ്രൂപ്പിന്റെ പിന്തുണയോടെ അള്‍ജീരിയ സമര്‍പ്പിച്ച കരടു പ്രമേയം രക്ഷാ സമിതി അംഗീകരിക്കാത്തതില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജി.സി.സി വക്താവും യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധിയുമായ അംബാസഡര്‍ ഉലയ്യാ അഹ്‌മദ് ബിന്‍ സൈഫ് അല്‍ഥാനി പറഞ്ഞു. ഫലസ്തീനികളുടെ രക്തച്ചൊരിച്ചില്‍ തടയാനും കൂടുതല്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കുന്നത് ഉറപ്പുവരുത്താനും സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടരുമെന്നും ഉലയ്യാ അഹ്‌മദ് ബിന്‍ സൈഫ് അല്‍ഥാനി പറഞ്ഞു. 
ഗാസയില്‍ ഫലസ്തീനികളുടെ ജീവനും സ്വത്തുവകകളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രക്ഷാ സമിതിയില്‍ അള്‍ജീരിയ സമര്‍പ്പിച്ച കരടു പ്രമേയം വീറ്റോ ചെയ്തതില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് കടുത്ത അതൃപ്തിയും ഖേദവും പ്രകടിപ്പിച്ചു. സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിലും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിലുമുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം നിറവേറ്റണം. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും നഗ്നമായി ലംഘിക്കുന്ന ഗാസയിലെ മാനുഷിക ദുരന്തവും ക്രൂരമായ യുദ്ധവും അവസാനിപ്പിക്കണമെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ ആവശ്യപ്പെട്ടു. 
അന്താരാഷ്ട്ര നിയമം അനുസരിച്ച പ്രതിബദ്ധതകള്‍ മുഴുവന്‍ കക്ഷികളും പാലിക്കണമെന്നും മുഴുവന്‍ ബന്ദികളെയും നിരുപാധികം ഉടനടി വിട്ടയക്കണമെന്നും രക്ഷാ സമിതിയില്‍ അവതരിപ്പിച്ച കരടു പ്രമേയം ആവശ്യപ്പെട്ടു. ഫലസ്തീനികളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് നിരാകരിക്കുന്നതായി പ്രമേയം വ്യക്തമാക്കി.

Latest News