കോട്ടയത്ത് സ്‌കൂള്‍ കുട്ടികളുടെ കൂട്ടത്തല്ല്,  തടയാനെത്തിയ പോലീസിനെ അടിച്ച് നിലത്തിട്ടു

കോട്ടയം-കോട്ടയം ഉഴവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കൂട്ടത്തല്ല്. തടയാനെത്തിയ പൊലീസ് സംഘത്തിലെ എസ് ഐക്കും പരിക്കേറ്റു. ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. വഴക്ക് മൂത്തതോടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പാലായില്‍ നിന്ന് ആക്രമി സംഘത്തെ വിളിച്ചു വരുത്തി. അക്രമി സംഘം സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരെയും നാട്ടുകാരെയും മര്‍ദ്ദിച്ചു. സംഘര്‍ഷം തടയാന്‍ സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ എസ് ഐയെയും അക്രമികള്‍ അടിച്ചു നിലത്തിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പാലാ സ്വദേശി അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ എസ് ഐ കെ.വി സന്തോഷ് ഉള്‍പ്പെടെ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പത്താം ക്ലാസിലെ പ്ലസ് വണ്ണിലെയും കുട്ടികള്‍ തമ്മില്‍ സ്‌കൂള്‍ വിട്ട സമയത്ത് വാക്ക് തര്‍ക്കമുണ്ടായി. കുട്ടികളിലെ ഒരു സംഘം പാലാ ഭാഗത്തെ ചില ചെറുപ്പക്കാരുടെ സഹായം തേടി. ഈ അക്രമി സംഘം സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ഇതോടെ അടികിട്ടിയ വിദ്യാര്‍ത്ഥികള്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായം തേടി. ഇതോടെ നാട്ടുകാരെല്ലാം ചേര്‍ന്ന് തമ്മിലടിയായി. ഈ സമയത്താണ് പോലീസ് സംഘം സംഘര്‍ഷ വിവരമറിഞ്ഞെത്തിയത്. തടയാന്‍ ശ്രമിച്ചതോടെ അക്രമി സംഘം പൊലീസിനെയും മര്‍ദ്ദിക്കുകയായിരുന്നു.

Latest News