Sorry, you need to enable JavaScript to visit this website.

അഭ്യൂഹങ്ങൾക്കിടെ കമൽനാഥ് കോൺഗ്രസ് യോഗത്തിൽ; ഡൽഹി വിടാതെ കമൽനാഥും മകനും

ന്യൂഡൽഹി - ബി.ജെ.പിയിലേക്ക് കളം മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിൽനിന്ന് ഓൺലൈനായാണ് കമൽനാഥ് യോഗത്തിൽ പങ്കെടുത്തതെന്നാണ് വിവരം. 
 രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മദ്ധ്യപ്രദേശിലേക്ക് എത്തുന്നതിന്റെ മുന്നോടിയായി പി.സി.സി അധ്യക്ഷൻ ജിത്തു പട്‌വാരി വിളിച്ച യോഗത്തിലാണ് കമൽനാഥ് പങ്കെടുത്തത്. അതിനിടെ, കമൽനാഥിന്റെ മകനും ചിന്ദ്വാര എം.പിയുമായ നകുൽനാഥ് കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്. ഇരുവരും ഇപ്പോഴും രാജ്യതലസ്ഥാനത്ത് തുടരുന്നതായാണ് റിപോർട്ട്. ഇവരോടൊപ്പം നാല് എം.എൽ.എമാരും ഉണ്ടെന്നാണ് പറയുന്നത്.
 മദ്ധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് കമൽനാഥിനെ പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതും അദ്ദേഹത്തിന്റെ രാജ്യസഭാ എം.പി മോഹത്തിന് പാർട്ടി അനുകൂല നടപടി സ്വീകരിക്കാത്തതുമാണ് കോൺഗ്രസ് വിടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് എരിവ് പകർന്നത്. അതിനിടെ മകനും എം.പിയുമായ നകുൽനാഥിന്റെ പാർട്ടി വിരുദ്ധ നീക്കങ്ങളും പ്രചാരണത്തിന് ശക്തി പകർന്നു. 
 പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാൻ ഇരുവരും ഡൽഹിയിലെത്തിയെങ്കിലും കമൽനാഥ് പാർട്ടി വിടില്ലെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചത്. താൻ ആർക്കും ഒരു ഉറപ്പും നൽകിയിട്ടില്ലെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നുമാണ് കമൽനാഥ് പ്രതികരിച്ചതായി റിപോർട്ടുകളുളളത്. അപ്പോഴും ബി.ജെ.പിയിൽ ചേരില്ലെന്ന് തീർത്തുപറയാൻ അദ്ദേഹം തയ്യാറായിട്ടുമില്ല.
 കോൺഗ്രസിൽ മൃദു ഹിന്ദുത്വത്തിന്റെ മുഖമായി അവതരിപ്പിക്കപ്പെടുന്ന കമൽനാഥിന്റെ നയങ്ങളും ഘടകക്ഷികളോടുള്ള തെറ്റായ സമീപനങ്ങളുമാണ് മദ്ധ്യപ്രദേശിൽ പാർട്ടിക്ക് ജനസ്വീകാര്യത കുറയാൻ ഇടയാക്കിയതെന്നാണ് പൊതുവേയുള്ള വിമർശം.
 

Latest News