നിയമസഭാ സ്പീക്കര്‍ക്ക് ശരീര സൗന്ദര്യം വര്‍ധിപ്പിക്കണം; ഫിറ്റ്‌നസ് ഉപകരണങ്ങളുടെ ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരം- നിയമസഭാ സ്പീക്കറുടെ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ക്ക് ടെന്റര്‍. സ്പീക്കര്‍ എ. എന്‍. ഷംസീറിന് ശരീരം പുഷ്ടിപ്പെടുത്താനായി സ്പീക്കറുടെ വസതിയിലേക്ക് സര്‍ക്കാര്‍ ചെലവില്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ വാങ്ങാനാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് സ്പീക്കറുടെ ശരീര സൗന്ദര്യത്തിന് ഉപകരണങ്ങള്‍ വാങ്ങുന്നത്. ട്രെഡ്മില്‍, ലെഗ് കെള്‍ ആന്റ് ലെഗ് എക്സ്റ്റെന്‍ഷന്‍ മെഷീന്‍, കൊമേഴ്ഷ്യല്‍ ക്രോസ് ട്രെയിനര്‍ മെഷീന്‍ എന്നിവ  വാങ്ങാനാണ് ടെന്റര്‍ ക്ഷണിച്ചത്. 

ട്രെഡ്മില്‍ 5 എച്ച്പിക്ക് മുകളിലുള്ളതും സമയം, ദൂരം, കലോറി, പവര്‍, ഹാര്‍ട്ട് റേറ്റ് അടക്കമുള്ള വിവരങ്ങള്‍ അറിയാനാകുന്ന എല്‍ഇഡി സ്‌ക്രീനുള്ളതായിരിക്കണം. 180 കിലോയ്ക്ക് മുകളില്‍ ഉപയോഗിക്കാനാകുന്ന ലെഗ് കേള്‍ ആന്‍ഡ് ലെഗ് എക്സ്റ്റെന്‍ഷന്‍ മെഷീനും കൊമേഴ്ഷ്യല്‍ ക്രോസ് ട്രെയിനര്‍ മെഷീനുമാണ് മറ്റുള്ള യന്ത്രങ്ങള്‍. 

തെരഞ്ഞെടുക്കുന്ന കമ്പനിയുടെ ക്വാളിറ്റി അനുസരിച്ച് ഓരോ മെഷീനും ഒന്നര ലക്ഷത്തിന് മുകളില്‍ വിലവരുന്നവ വരെ വിപണിയിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികളുമായി കൂടിക്കാഴ്ച നടത്തും. ആ സമയത്ത് മെഷീനുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ടെന്റര്‍ നോട്ടീസിലുണ്ട്. 

സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങാനാണ് ടെന്റര്‍ ക്ഷണിച്ചിരിക്കുന്നതെന്ന് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം. അതേസമയം മെഷീന് പിന്നാലെ ഫിറ്റ്നസ് ട്രെയിനറെക്കൂടി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

Latest News