ഗാസ ചർച്ചക്കായി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ കയ്റോയിൽ

കയ്‌റോ-ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കയ്‌റോയില്‍ എത്തി. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രായിലുമായി പുതിയ കരാറിനുള്ള സാധ്യത മങ്ങിയതായി മധ്യസ്ഥര്‍ സൂചിപ്പിച്ചതിനു പിന്നാലെയാണ്
ഖത്തര്‍ ആസ്ഥാനമായുള്ള ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ നേതാവ് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചക്കെത്തിയത്. മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ഈജിപ്ത് അധികൃതരുമായി ചര്‍ച്ച നടത്തും.
ആക്രമണം തടയുന്നതിനും പൗരന്മാര്‍ക്ക് ആശ്വാസം നല്‍കുന്നതിനും ഫലസ്തീന്‍ ജനതയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായുള്ള ശ്രമങ്ങളെക്കുറിച്ചും ഹമാസ് പ്രതിനിധി സംഘം ചര്‍ച്ച ചെയ്യും.
കഴിഞ്ഞയാഴ്ച ഇസ്രായിലും ഹമാസും ചര്‍ച്ചകള്‍ നടത്തിയെങ്കിലും നാല് മാസത്തിലേറെ നീണ്ട യുദ്ധത്തിന് വിരാമമിടാനുള്ള ഈജിപ്ഷ്യന്‍, ഖത്തര്‍, യുഎസ് മധ്യസ്ഥരുടെ ശ്രമങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സംഭവിവികാസങ്ങള്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ലെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി ശനിയാഴ്ച മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ പറഞ്ഞത്.
ഹമാസ് മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങളില്‍ ചിലത് വ്യാമോഹമെന്ന് പറഞ്ഞാണ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞത്.
വെടിനിര്‍ത്തല്‍, ഗാസയില്‍ നിന്ന് ഇസ്രായില്‍ പിന്‍വാങ്ങല്‍, പ്രദേശത്തെ ഉപരോധം അവസാനിപ്പിക്കുക, ലക്ഷക്കണക്കിന് ഫലസ്തീന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ അഭയം നല്‍കുക എന്നിവയാണ് ഹമാസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.
ഇസ്രായിലിന്റെ പ്രതികാര ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 29,195 പേര്‍ കൊല്ലപ്പെട്ടു.

 

Latest News