Sorry, you need to enable JavaScript to visit this website.

സംവരണ വിഷയത്തിൽ പല പാർട്ടികൾക്കും അഴകൊഴമ്പൻ നിലപാട്-കുഞ്ഞാലിക്കുട്ടി

മലപ്പുറം-സംവരണത്തിന്‍റെ കാര്യത്തിൽ പല പാർട്ടികൾക്കും ഉറച്ച അഭിപ്രായ​മില്ലെന്ന്​ മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രവും മലപ്പുറം ഗവ: കോളജ് യൂണിയനും സംയുക്തമായ സംഘടിപ്പിച്ച സംവരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണ കാര്യത്തിൽ അഭിപ്രായമു​ണ്ടെന്ന്​ പറയുകയും തീരുമാനത്തോടടുക്കുമ്പോൾ അഴകൊഴമ്പൻ നിലപാട്​ എടുക്കുകയും ചെയ്യുന്നവരാണ്​ മിക്ക പാർട്ടികളും. രാജ്യത്ത്​ നിലനിൽക്കുന്ന പിന്നോക്കാവസ്ഥ സാമ്പത്തികമല്ല, ജാതി അടിസ്ഥാനത്തിലുള്ളതാണ്​. അത്​ മാറാൻ സമയമെടുക്കും. സാമ്പത്തിക സംവരണം കൊണ്ടുവന്നത്​ സംവരണാനുകൂല്യം ഇല്ലായ്മ ചെയ്യാനാണെന്നും അത്തരത്തിലുള്ള പലതരം കളികൾ തുടർന്നും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തോട്​ മതിപ്പില്ലാത്തവരാണ്​ രാജ്യം ഭരിക്കുന്നത്​. അതുകൊണ്ടുതന്നെ സംവരണത്തിനുവേണ്ടിയുള്ള ശബ്​ദം ഉറക്കേ ഉയരേണ്ട കാലമാണിത്​. പിന്നോക്കവിഭാഗങ്ങൾ കൂടുതലായി വോട്ടുചെയ്യുന്ന രാഷ്ട്രീയ പാർട്ടികളാണ്​ ജാതി സെൻസസ്​ എന്ന ആവശ്യം ഇപ്പോൾ  ഉയർത്തികൊണ്ടുവന്നത്​. എന്നാൽ, ഇക്കാര്യത്തിൽ അവർക്ക്​ ഉറച്ചുനിൽക്കാനോ തീരുമാനമെടുപ്പിക്കാനോ കഴിഞ്ഞില്ല. ഇപ്പോഴും അത്​ ചർച്ച ചെയ്യുന്ന സ്ഥിതിയാണ്​. സംവരണത്തിന്‍റെ കാര്യത്തിലും ജാതി സെൻസസ്​ വിഷയത്തിലും ഉറച്ച നിലപാടുള്ള മുസ്​ലിംലീഗ്​ ഈ ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവുമായി ശക്​തിയുക്​തം മുന്നോട്ടുപോകുമെന്ന്​ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശിഹാബ്​ തങ്ങൾ പഠന കേന്ദ്രം ചെയർമാൻ എ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, പ്രിൻസിപ്പൽ ഡോ. പി ഖദീജ, പഠനകേന്ദ്രം ഡയറക്ടർ അബ്ദുല്ല വാവൂർ, ഡോ. സൈനുൽ ആബിദ്കോട്ട, പി.വി. അഹമ്മദ്​ സാജു, ഡോ. പി. ബഷീർ, യൂണിയൻ ചെയർമാൻ മുഹമ്മദ് ഫവാസ്, എ.എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി.ആർ. ജോഷി, ഡോ. പി.നസീർ, ഡോ. അമൽ സി. രാജൻ എന്നിവർ വിഷയം അവതരിപ്പിച്ചു.

Latest News