ബംഗളൂരൂ- തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍നിന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പിടിച്ചെടുത്ത സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ മാര്‍ച്ച് ആദ്യവാരം തമിഴ്‌നാട് സര്‍ക്കാരിന് കൈമാറുമെന്ന് കര്‍ണാടക കോടതി അറിയിച്ചു. പിടിച്ചെടുത്ത 27 കിലോയില്‍ 20 കിലോ വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യാം. അമ്മയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണെന്ന വസ്തുത പരിഗണിച്ചാണ് ബാക്കി ഒഴിവാക്കിയത്.ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ വിലവരുന്ന ജംഗമവസ്തുക്കള്‍ തമിഴ്‌നാടിന് കൈമാറാന്‍ പ്രത്യേക കോടതി ജഡ്ജി എച്ച്എ മോഹന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. സ്വര്‍ണ, വജ്രാഭരണങ്ങളുടെ വിനിയോഗം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആഭരണങ്ങള്‍ അവകാശപ്പെട്ട് ജയലളിതയുടെ സഹോദരന്‍ ജയരാമന്റെ മക്കളായ ജെ.ദീപയും ജെ.ദീപക്കും നല്‍കിയ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു. സര്‍ക്കാര്‍ പിടിച്ചെടുത്തവയായതിനാല്‍ ഇവ ജയലളിതയ്ക്ക് അവകാശപ്പെടാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. ജയലളിതയുടെപേരിലുള്ള കേസ് നടത്തിയതിന്റെ ചെലവിനത്തില്‍ കര്‍ണാടക സര്‍ക്കാരിന് തമിഴ്‌നാട് അഞ്ചുകോടി രൂപ നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ തുക എസ്ബിഐ ചെന്നൈ ശാഖയില്‍ ജയലളിതയുമായി ബന്ധപ്പെട്ട സ്ഥിരനിക്ഷേപത്തില്‍നിന്ന് നല്‍കാനാണ് നിര്‍ദേശം.
2014 സെപ്റ്റംബര്‍ 27നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയെ നാലുവര്‍ഷം തടവിനും നൂറുകോടിരൂപ പിഴയടക്കാനും ശിക്ഷിച്ചത്. കൂട്ടുപ്രതികളായ ജയലളിതയുടെ തോഴി വികെ ശശികല, വിഎന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരും ശിക്ഷിക്കപ്പെട്ടു.