ഇസ്‌ലാമാബാദ് - പാക് ക്രിക്കറ്റ് താരം ശുഹൈബ് മാലികിനെ പന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയ നടിയും ഭാര്യയുമായ സന ജാവേദിനെ പരിഹസിച്ച് കളിക്കമ്പക്കാർ.
കഴിഞ്ഞദിവസം പാകിസ്താൻ പ്രീമിയർ ലീഗിലാണ് സംഭവം. ഭർത്താവ് ശുഹൈബ് മാലിക്കിനെ പിന്തുണയ്ക്കാനായി സ്റ്റേഡിയത്തിൽ എത്തിയ സന ജാവേദിനെ 'സാനിയ വിളികളുമായാ'ണ് ആരാധകർ പരിഹസിച്ചത്. ശുഹൈബ് മാലികിന്റെ കറാച്ചി കിംഗ്‌സും മുൽട്ടാൻ സുൽത്താൻസുമായുള്ള പോരാട്ടത്തിനിടെയാണ് സംഭവം. മത്സരശേഷം സന നടന്നുപോകുന്നതിനിടെ ആരാധകർ കൂട്ടത്തോടെ സാനിയ മിർസ എന്ന് ഉറക്കെ വിളിച്ച് പരിഹാസം ഉയർത്തുകയായിരുന്നു. ഇതോടെ പാക് നടി സന അസ്വസ്ഥയാകുന്നതായാണ് ദൃശ്യങ്ങൾ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഈയിടെയാണ് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുള്ള ശുഹൈബ് മാലികിന്റെ വിവാഹബന്ധം വേർപിരിഞ്ഞത്. ഇതിന് പിന്നാലെയാണ് പാക് നടിയായ സന ജാവേദുമായുള്ള ശുഹൈബിന്റെ മൂന്നാം വിവാഹം നടന്നത്. നടിയുടെ രണ്ടാം വിവാഹവും.