Sorry, you need to enable JavaScript to visit this website.

മുത്തങ്ങ സമരത്തിന്റെ ഇരുപത്തൊന്നാം വാർഷികം ആഘോഷിക്കുമ്പോൾ...

വർഷങ്ങൾക്കു ശേഷം തിരിഞ്ഞുനോക്കുമ്പോൾ മുത്തങ്ങ സമരം എന്തു നേടി എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിലെ ആദിവാസി,  ദളിത് വിഭാഗങ്ങളുടെ ഭൂപ്രശ്നം സജീവമാക്കി എന്നതു തന്നെയാണ് അതിനുളള പ്രധാന മറുപടി. ആദിവാസികൾക്ക് നൽകാനായി കേരളത്തിൽ ഭൂമിയില്ല എന്ന പ്രചാരണം തെറ്റാണെന്നു തെളിഞ്ഞു. ഭൂപരിഷ്‌കരണത്തിലെ വഞ്ചനയും പുറത്തുവന്നു. മുത്തങ്ങക്കു ശേഷം എത്രയോ ഭൂസമരങ്ങൾ രൂപം കൊണ്ടു. ഇപ്പോഴും തുടരുന്നു. 

 

ജനിച്ച മണ്ണിൽ ജീവിക്കാനുള്ള ആദിവാസികളുടെ മുന്നേറ്റത്തിലെ നാഴികക്കല്ലായിരുന്ന  മുത്തങ്ങ ഭൂസമരത്തിന്റെ 21 ാം വാർഷികം മുത്തങ്ങ തകരപ്പാടിയിൽ നടക്കുകയാണ്.  ഭരണകൂട - വംശീയ ഭീകരതയെ അതിജീവിച്ച ഭൂസമര കുടുംബങ്ങളും കേരളത്തിലെ ആദിവാസി - ദളിത് - ബഹുജന സംഘടന പ്രവർത്തകരും കലാസാംസ്‌കാരിക പ്രവർത്തകരും വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 

വാർഷിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന ആദിവാസി ഗോത്രമഹാസഭ പറയുന്നതിങ്ങനെ- 'ഒരു നൂറ്റാണ്ടിനിടയിൽ ഭൂവുടമ വർഗങ്ങളും വൈദേശിക ശക്തികളും വനംവകുപ്പും കുടിയേറ്റക്കാരും ജനിച്ച മണ്ണിൽ നിന്നും ആട്ടിയോടിച്ച പണിയർ, അടിയർ, കാട്ടുനായ്ക്കർ, വേട്ടകുറുമർ തുടങ്ങിയ ഗോത്രവർഗക്കാരുടെ ശക്തമായ തിരിച്ചുവരവിന് 1990 കളുടെ ആരംഭത്തോടെ കേരളം സാക്ഷ്യം വഹിക്കുകയുണ്ടായി. ജനാധിപത്യ സംവിധാനം നിലനിന്നിട്ടും ഭരണഘടന വകുപ്പുകളും ആദിവാസി ഭൂനിയമങ്ങളും അട്ടിമറിച്ച ഇടത് - വലത് രാഷ്ട്രീയ പാർട്ടികളുടെ വഞ്ചനയും അവർ തിരിച്ചറിഞ്ഞിരുന്നു. 'കോളനി' കളിൽ നിന്നുള്ള മോചനത്തിനായി ഇതോടെ ശബ്ദമുയർന്നു. 1990 കളുടെ തുടക്കം മുതൽ അമ്പുകുത്തി, കോളിക്കംപാളി, ചീങ്ങേരി, പനവല്ലി തുടങ്ങിയ സമര മുഖങ്ങളെക്കുറിച്ചും സി.കെ. ജാനുവിന്റെ നേതൃത്വത്തെക്കുറിച്ചും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള 1975 ലെ നിയമത്തെക്കുറിച്ചും കേരളം ചർച്ച ചെയ്തു തുടങ്ങി. ആ ദശകത്തിന്റെ അന്ത്യത്തോടെ തിരുവോണപ്പുറം, കുണ്ടള, തൂവൈപ്പതി തുടങ്ങിയ മേഖലകളിലെ ഭൂസമരങ്ങളും 2001 ലെ ആദിവാസികളുടെ കുടിൽകെട്ടൽ പ്രക്ഷോഭവും ആദിവാസി ഗോത്രമഹാസഭയുടെ ആവിർഭാവവും അതിപിന്നോക്കം നിൽക്കുന്ന ഗോത്രവർഗ വിഭാഗങ്ങളുമായി സംവാദത്തിലേർപ്പെടാൻ ഭരണാധികാരികളെ നിർബന്ധിതരാക്കി. സ്വയംഭരണമാണ് സ്വാതന്ത്ര്യമെന്ന ആദിവാസികളുടെ പ്രഖ്യാപനം ജനാധിപത്യ സമൂഹവുമായുള്ള സംവാദത്തിനും കാരണമായി. ഭരണാധികാരികളുടെ ഗോത്രവർഗ പദ്ധതികളിൽ മാറ്റം വന്നു തുടങ്ങി. ആദിവാസി പുനരധിവാസ പദ്ധതി, ആദിവാസികളുടെ സ്വയംഭരണ പദവിയും പെസ നിയമവും, ഗ്രാമസഭകളെന്ന നിലയിൽ ഊര് കൂട്ടങ്ങൾക്കുള്ള അംഗീകാരം, നിക്ഷിപ്ത വനഭൂമിയിലെ അവകാശം, ദേശീയ തലത്തിൽ രൂപം കൊണ്ടുവന്ന വനാവകാശ നിയമം തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിലെ ആദിവാസികൾക്ക് - പ്രത്യേകിച്ചും അതിപിന്നോക്കം നിൽക്കുന്ന ഗോത്രവർഗക്കാർക്ക് - ശക്തമായ ഇടപെടലിന് കഴിഞ്ഞു. എന്നാൽ ചിതറിപ്പോയ ജനതയുടെ തിരിച്ചുവരവിനെ ഭീതിയോടും സംശയത്തോടും കൂടി മാത്രം നോക്കിക്കണ്ടിരുന്ന കേരളത്തിലെ സവർണ - വംശീയ ശക്തികൾക്ക് യാതൊരുവിധ പരിവർത്തനവും സംഭവിച്ചിരുന്നില്ല. തദ്ദേശീയ ജനതയെ ശാശ്വതമായി അടിമകളാക്കി നിലനിർത്തണം എന്ന മേൽപറഞ്ഞ ശക്തികളുടെ വ്യാമോഹമാണ് മുത്തങ്ങയിലെ ഭരണകൂട ശക്തികൾ നടത്തിയ നരനായാട്ടിന് കാരണമായത്. കേരളത്തിലെ ആദിവാസികൾ അതിനെ അതിജീവിച്ചിട്ടുണ്ട്. അതിജീവനത്തിന്റെ രണ്ട് ദശകങ്ങളിലെ അനുഭവമാണ് ഈ മുത്തങ്ങ വാർഷികത്തിൽ ആദിവാസി - ദളിത് ജനവിഭാഗങ്ങൾക്ക് പങ്കുവെക്കാനുള്ളത്.

ഗോത്രമഹാസഭ ചൂണ്ടിക്കാണിക്കുന്ന പോലെ കേരളം ദർശിച്ച ഏറ്റവും ഉജ്വലമായ ആദിവാസി സമരത്തിനാണ് 21 വയസ്സ് തികഞ്ഞിരിക്കുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ ഭൂപരിഷ്‌കരണത്തിൽ വഞ്ചിക്കപ്പെട്ടവരായിരുന്നല്ലോ നമ്മുടെ ദളിതരും ആദിവാസികളും. ഏറെക്കാലം ആ വഞ്ചന മൂടിവെക്കാൻ ഭരണാധികാരികൾക്ക് സാധിച്ചു. ആദിവാസികൾക്കാകട്ടെ സ്വന്തം ഭൂമിയെന്നു കരുതിയിരുന്ന വനഭൂമിയും നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതിനെ തുടർന്നായിരുന്നു വയനാട്ടിലെ ആദിവാസികൾ മുത്തങ്ങയിൽ അമ്പുകുത്തിയിൽ ഭൂമി വളച്ചുകെട്ടി കുടിൽ കെട്ടി സമരമാരംഭിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളോളം നടന്ന കുടിൽകെട്ടി സമരത്തിനൊടുവിൽ നൽകിയ വാഗ്ദാനവും പാലിക്കാതായപ്പോഴാണ് ഈ തീരുമാനത്തിലേക്ക് സമര നേതൃത്വം എത്തിയത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സി.കെ. ജാനുവിന്റെയും എം ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു സമരം. വന്യജീവി സംരക്ഷണത്തിന്റെ പേരിൽ 1960 ലും യൂക്കാലിപ്റ്റസ് പ്ലാന്റേഷന്റെ പേരിൽ 1980 ലും മുത്തങ്ങ വനത്തിൽ നിന്നും കുടിയിറക്കപ്പെട്ടവരായിരുന്നു ഈ ആദിവാസികൾ. 

സാധാരണ ഭൂസമരങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം ഊര് സ്ഥാപിക്കാനായിരുന്നു ആദിവാസികളുടെ നീക്കം. 28 ഓളം ഊരു സഭകളുണ്ടാക്കി. സ്വയംഭരണം എന്ന മുദ്രാവാക്യമായിരുന്നു അവർ മുന്നോട്ടു വെച്ചത്. ആദിവാസികളുടെ സ്വയംഭരണം ഇന്ത്യൻ ഭരണഘടന (ആർട്ടിക്കിൾ 244) അനുശാസിക്കുന്നതാണ്. നിരവധി സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെട്ടതുമാണ്. മുത്തങ്ങയിലെ ഒരു പ്രധാന ആവശ്യം വയനാടിനെ ഭരണഘടനയുടെ 5 ഷെഡ്യൂൾ പ്രകാരം ഷെഡ്യൂൾ ഏരിയ ആയി പ്രഖ്യാപിക്കുക എന്നതായിരുന്നു. അതിനനുസൃതമായി സമര ഭൂമിയുടെ പ്രവേശന കവാടങ്ങളിൽ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു.

പൊതുസമൂഹത്തിന് ഒരു ശല്യവുമില്ലാതെ സ്വന്തമായ നിയമങ്ങളുമായി മുത്തങ്ങയിൽ ആദിവാസികൾ ഊരു സ്ഥാപിച്ച് പുതിയൊരു ജീവിതം പടുത്തുയർത്തുകയായിരുന്നു. കേരളം സാധാരണ കാണുന്ന പോലെ നിഷേധാത്മകമായ ഒന്നായിരുന്നില്ല ഈ സമരം. മറിച്ച്, തികച്ചും ക്രിയാത്മകമായിരുന്നു. 700 ഓളം കുടിലുകളാണ് ഗോത്രഭൂമിയിൽ ഉയർന്നത്. അവയിൽ ഏകദേശം 2000 ത്തോളം ആദിവാസികളുണ്ടായിരുന്നു. കാടിനെ സംരക്ഷിച്ച് കൃഷി ചെയ്തായിരുന്നു അവരുടെ ജീവിതം. കുട്ടികൾക്കായി പാഠശാലയും സ്ഥാപിച്ചു. എന്നാൽ ആദിവാസികൾ സ്വന്തം മുൻകൈയിൽ സംഘടിക്കുന്നതോ സമരം ചെയ്യുന്നതോ ഏതെങ്കിലും മുഖ്യധാര പ്രസ്ഥാനത്തിനു സഹിക്കാനാവുമോ? മാത്രമല്ല, സമരം വിജയിക്കുകയും കേരളത്തിലെ ആദിവാസികൾക്കെല്ലാം ഭൂമി നൽകുകയും ചെയ്യേണ്ടിവന്നാൽ കുടിയേറ്റക്കാരും കൈയേറ്റക്കാരും വൻകിട ഭൂമാഫിയകളും അതംഗീകരിക്കില്ല എന്നവർക്കറിയാമായിരുന്നു. അതിനാൽ സമരത്തെ രാജ്യദ്രോഹമായും നിയമ ലംഘനമായും വ്യാഖ്യാനിച്ചുള്ള പ്രചാരണം വ്യാപകമായി. 

ആദിവാസികൾ പരിസ്ഥിതി നശിപ്പിക്കുമെന്ന അസാധാരണ വാദം മുന്നോട്ടുവെച്ച് ചില കപട പരിസ്ഥിതി വാദികളും രംഗത്തു വന്നു. മുത്തങ്ങയിലെ വന്യജീവി സങ്കേതത്തിന്റെ പേരു പറഞ്ഞായിരുന്നു അവർ സമരത്തെ എതിർത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരാകട്ടെ, ആദിവാസികൾ കെട്ടിയ കുടിലിന് തീവെയ്ക്കുകയും ഇണങ്ങിയ ആനകളെ മദ്യം നൽകി ഊരുകളിലേക്ക് ഇറക്കി വിടുകയും ചെയ്തു. 2003 ഫെബ്രുവരി 17 ന് ആദിവാസി കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന കുടിലിന് സമീപം തീപ്പിടിത്തമുണ്ടായി. അതോടെ സഹികെട്ട ആദിവാസികൾ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. അതൊരു ഭീകര സംഭവമായി ചിത്രീകരിക്കപ്പെട്ടു. സമരത്തിനെതിരെ രൂപീകരിച്ചിരുന്ന സർവകക്ഷി സംഘം രംഗത്തിറങ്ങി. ആദിവാസികളെ പുറത്താക്കാനാവശ്യപ്പെട്ട് മുത്തങ്ങയിൽ ഹർത്താൽ നടത്തി. ജില്ല കലക്ടർ നേരിട്ട് നടത്തിയ ചർച്ചയിൽ ബന്ദികളെ മോചിപ്പിച്ചെങ്കിലും സമരക്കാരെ മുത്തങ്ങ വനത്തിൽ നിന്നും പുറത്താക്കാനായിരുന്നു സർക്കാർ തീരുമാനം. 

ഫെബ്രുവരി 19 ന് കൽപറ്റ ഡിവൈ.എസ്.പി ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് കാട് വളഞ്ഞു. തുടർന്നു നടന്നത് നരനായാട്ടായിരുന്നു. അമ്പും വില്ലുമൊക്കെയായി ചെറുക്കാൻ ശ്രമിച്ച ആദിവാസികളെ തോക്കും ലാത്തികളും ഗ്രനേഡുകളുമായി പോലീസ് നേരിട്ട ദൃശ്യങ്ങൾ ഏറെ പ്രസിദ്ധമാണല്ലോ. പോലീസ് ആദിവാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും മർദിക്കുകയും കുടിലുകൾ കത്തിക്കുകയും ചെയ്തു. നിരവധി ആദിവാസികൾ ഉൾവനങ്ങളിലേക്ക് പിൻവലിഞ്ഞു. പോലീസ് അവിടെയുമെത്തിയപ്പോൾ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ വിനോദടക്കം മൂന്നുപേരെ ബന്ദികളാക്കി ആദിവാസികൾ പ്രതിരോധം തീർത്തു. അതേസമയം വിനോദ് ചോര വാർന്നു കിടക്കുന്നതു കണ്ടപ്പോൾ ഡോക്ടറെ എത്തിച്ച് ചികിത്സിക്കാൻ ആദിവാസികൾ ആവശ്യപ്പെട്ടു. എന്നാൽ അതു ചെയ്യാതെ പോലീസ് അതൊരവസരമായി ഉപയോഗിക്കുകയായിരുന്നു. 
വർഷങ്ങൾക്കു ശേഷം തിരിഞ്ഞുനോക്കുമ്പോൾ മുത്തങ്ങ സമരം എന്തു നേടി എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിലെ ആദിവാസി,  ദളിത് വിഭാഗങ്ങളുടെ ഭൂപ്രശ്നം സജീവമാക്കി എന്നതു തന്നെയാണ് അതിനുളള പ്രധാന മറുപടി. ആദിവാസികൾക്ക് നൽകാനായി കേരളത്തിൽ ഭൂമിയില്ല എന്ന പ്രചാരണം തെറ്റാണെന്നു തെളിഞ്ഞു. ഭൂപരിഷ്‌കരണത്തിലെ വഞ്ചനയും പുറത്തുവന്നു. മുത്തങ്ങക്കു ശേഷം എത്രയോ ഭൂസമരങ്ങൾ രൂപം കൊണ്ടു. ഇപ്പോഴും തുടരുന്നു. ചങ്ങറയും അരിപ്പയുമൊക്കെ ഉദാഹരണം. മുത്തങ്ങക്കു പിന്നാലെ ആദിവാസി കരാർ നടപ്പിലാക്കിയതിന്റെ ഫലമായി ഏതാണ്ട് 8000 കുടുംബങ്ങൾക്ക് 10,000 ഏക്കർ ഭൂമി നൽകുകയുണ്ടായി. ആദിവാസികളും ദളിതുകളും സ്വന്തം കാലിൽ നിന്ന് പോരാടാനുള്ള കരുത്തു നേടിയത് ചെറിയ കാര്യമല്ല. അതുവരെയും രക്ഷകരായി അവതരിച്ചിരുന്നവരെ അവർ തള്ളിപ്പറഞ്ഞു. അതു തന്നെയാണ് ഈ പോരാട്ടത്തിന്റെ 21 ാം വാർഷികാഘോഷത്തിന്റെ പ്രസക്തി.

Latest News